മോദിയിൽ നിന്ന് ഇസ്രയേലിന് കേട്ടു പഠിക്കാനുള്ളത്

Saturday 13 September 2025 3:26 AM IST

കഴിഞ്ഞ കുറച്ചു മാസങ്ങളായി അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം പരസ്പര വിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്. താരിഫ് നയം, റഷ്യയുമായുള്ള ഇന്ത്യയുടെ പ്രത്യേക ബന്ധം, പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തി സംഘർഷങ്ങളോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ സമീപനം എന്നിവ സംബന്ധിച്ച ആഴത്തിലുള്ള തർക്കമാണ് ഇതിന്റെ പശ്ചാത്തലം.

അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന താരിഫുകളിലെ അതൃപ്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് 'ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്" എന്നാണ്. സ്വന്തം രാജ്യത്തെ താരിഫുകൾ ഏകദേശം 50 ശതമാനമായി ഉയർത്തിയാണ് അദ്ദേഹം അതിനോടു പ്രതികരിച്ചത്. എന്നിരുന്നാലും, അതിനപ്പുറം മറ്റു പ്രശ്നങ്ങളുമുണ്ടായിരുന്നു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുകയും,​ റഷ്യൻ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ, ട്രംപിന്റെ വാക്കാലുള്ള കഠിനമായ ആക്രമണത്തിന് വിധേയമായി.

റഷ്യയുടെയും ഇന്ത്യയുടെയും സമ്പദ്‌വ്യവസ്ഥകളെ 'മൃത സമ്പദ്‌വ്യവസ്ഥകൾ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അവ 'പരസ്പരം ഉന്മൂലനം ചെയ്യുന്നു" എന്നും ട്രംപ് പറഞ്ഞു. കൂടാതെ ഈ വ്യാപാരം യുക്രെയിന് എതിരായ മോസ്‌കോയുടെ യുദ്ധയന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 'യുക്രെയിനിൽ മരണമടഞ്ഞവരെ ശ്രദ്ധിക്കുന്നില്ല" എന്നു പോലും ട്രംപ് കുറ്റപ്പെടുത്തി. ആ പ്രസ്താവന വ്യക്തിപരമായ അധിക്ഷേപവും,​ ഉയർന്നുവരുന്ന സാമ്പത്തിക- സൈനിക ശക്തിയായുള്ള ഇന്ത്യയുടെ സ്ഥാനത്തെ അപമാനിക്കുന്നതുമായിരുന്നു.

പാകിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളിൽ നിഷ്പക്ഷ മദ്ധ്യസ്ഥനായി സ്വയം സ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചു. അദ്ദേഹം കടുത്ത സമ്മർദം ചെലുത്തുകയും ഇരുവശത്തും ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയുംചെയ്തു. തുടർന്ന് വെടിനിറുത്തൽ പ്രഖ്യാപനവും വന്നു. പിന്നീട്, പാകിസ്ഥാൻ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയെ പ്രശംസിച്ച്, ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകാൻ നിദേശിച്ചു! എന്നാൽ മറുവശത്ത് ഇന്ത്യ,​ അമേരിക്കൻ പങ്ക് കുറച്ചുകാണുകയാണ് ഉണ്ടായത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വിശ്വാസക്കുറവ് ആഴത്തിൽ വ്യക്തമായ മറ്റൊരു സന്ദർഭമാണിത്.

നരേന്ദ്ര മോദിയുടെ കടുത്ത പ്രതികരണം സാമ്പത്തിക- സൈനിക സംഘർഷത്തിൽ നിന്നു മാത്രമല്ല, വ്യക്തിപരവും ദേശീയവുമായി ഇന്ത്യയുടെ അന്തസ് വ്രണപ്പെട്ടുവെന്ന തോന്നലിൽ നിന്നുകൂടിയാണ് പ്രധാനമായും ഉടലെടുത്തത്. പ്രസിഡന്റ് ട്രംപിൽ നിന്നുള്ള നാല് ഫോൺകാളുകളും അദ്ദേഹം നിരസിച്ചു. ഈ പശ്ചാത്തലത്തിൽ, ഇസ്രയേലിന് ചില സുപ്രധാന പാഠങ്ങൾ മോദിയിൽ നിന്ന് പഠിക്കാനുണ്ട്.

ഖാൻ യൂനിസ് സംഭവം

കഴിഞ്ഞ ആഗസ്റ്റ് 25-ന് ഗാസ മുനമ്പിലെ ഖാൻ യൂനിസ് നാസർ ആശുപത്രിയിൽ ഇസ്രയേലി ഷെൽ പതിക്കുകയുണ്ടായി. മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ ഇരുപതു പേർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ, ഐ.ഡി.എഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്) വക്താവും ചീഫ് ഒഫ് സ്റ്റാഫും പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും പ്രതികരിക്കാൻ മുന്നോട്ടുവന്നു. 'നിരപരാധികളായ സാധാരണക്കാരെ" ഉപദ്രവിച്ചതിന് ഐ.ഡി.എഫ് വക്താവ് ഇംഗ്ലീഷിൽ ക്ഷമാപണം നടത്തി. അടിയന്തര അന്വേഷണം ഉണ്ടാകുമെന്ന് ഇസ്രയേൽ ചീഫ് ഒഫ് സ്റ്റാഫ് പ്രഖ്യാപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ഈ സംഭവത്തെ 'വേദനാജനകം" എന്ന് വിശേഷിപ്പിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു.

ഈ മൂന്നു പ്രസ്താവനകളും അന്താരാഷ്ട്രതലത്തിൽ ഉയരുന്ന പൊതുജനാഭിപ്രായത്തെ ശാന്തമാക്കാനുള്ള ആഗ്രഹം മാത്രമല്ല; സംഭവത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഗൗരവമായ ആശങ്കയും, ഒരുപക്ഷേ പരിഭ്രാന്തിയും പ്രകടിപ്പിക്കുന്നതു കൂടിയായിരുന്നു. നേതാക്കൾ അവരുടെ പ്രവർത്തനങ്ങളിലൂടെ നിരപരാധികളായ പൗരന്മാരുടെ ജീവഹാനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായുള്ള സന്ദേശമാണ് കൈമാറിയത്; അന്താരാഷ്ട്ര നിയമത്തിന്റെ കാര്യത്തിൽ അപകടകരമായ മാതൃക സൃഷ്ടിക്കുന്ന സന്ദേശം!

പിന്നീടു നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയതു പോലെ, യാഥാർത്ഥ്യം ഏറെ സങ്കീർണമായിരുന്നു. മരണമടഞ്ഞവരിൽ പലരും ഹമാസിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും, പൂർണമായ വിവരങ്ങൾക്കായി കാത്തിരിക്കുന്നതിനു പകരം, ഉത്തരവാദിത്വം സ്വീകരിക്കുന്നതായുള്ള സന്ദേശം ഇസ്രയേൽ പ്രചരിപ്പിച്ചു. അത് രാജ്യത്തിന്റെ നയതന്ത്രപരവും നിയമപരവുമായ നിലയെ ദുർബലപ്പെടുത്തുന്നതാണ്.

മോദിയുടെ മാതൃക

ഇവിടെയാണ് നാം മോദിയുടെ മാതൃകയിലേക്കു മടങ്ങേണ്ടത്. ട്രംപിൽ നിന്ന് വാക്കാൽ അഭൂതപൂർവമായ ആക്രമണങ്ങൾ നേരിട്ട മോദി, ക്ഷമാപണം നടത്താൻ തിടുക്കം കാട്ടിയില്ല. പകരം, രാഷ്ട്രത്തിന്റെ അന്തസ് ഉയർത്തിപ്പിടിച്ച് ശക്തമായി പ്രതികരിക്കാനാണ് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ സമീപനം കടുപ്പമേറിയതായി തോന്നിയേക്കാം. പക്ഷേ, അതു നൽകുന്നത് വ്യക്തമായ സന്ദേശമാണ്- കീഴടങ്ങുന്നതോ താഴ്ന്ന നിലയിലുള്ളതോ ആയ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം.

നേരെ മറിച്ച്, ഖാൻ യൂനിസ് സംഭവത്തിൽ ഇസ്രയേൽ അമിതമായ സുതാര്യതയും ഉത്കണ്ഠയും പ്രകടിപ്പിക്കുന്ന പ്രവണതയാണ് കാണിച്ചത്. ഇത് താത്കാലിക നാശനഷ്ടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സമീപനമായിരുന്നിരിക്കാം. എന്നാൽ, ഈ നിലപാട് തന്ത്രപരമായ ദീർഘകാല താത്പര്യങ്ങൾക്ക് കോട്ടമുണ്ടാക്കുന്നതാണ്. ദുഷ്‌കരവും സങ്കീർണവുമായ സാഹചര്യങ്ങൾ നേരിടുമ്പോൾപ്പോലും ഒരു രാഷ്ട്രം അതിന്റെ അന്തസ് കാത്തുസൂക്ഷിക്കണം എന്നതാണ് ഇതിന്റെ ചുരുക്കം.

ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ തിടുക്കം കാണിക്കുന്നത് ബലഹീനതയായി വ്യാഖ്യാനിക്കപ്പെടുകയും എതിരാളികൾ അത് ചൂഷണം ചെയ്യുകയും ചെയ്തേക്കാം. അത്തരം നിമിഷങ്ങളിൽ സൂക്ഷ്മമായി സംസാരിക്കുകയും സ്വന്തം സിദ്ധാന്തങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രാഷ്ട്രത്തിന്റെ അന്തസ് ആഡംബരമല്ലെന്നും,​ അത് ദൂരവ്യാപക ഫലങ്ങൾ സൃഷ്ടിക്കുന്ന തന്ത്രപ്രധാന ആസ്തിയാണെന്നുമാണ് നമ്മൾ മനസിലാക്കേണ്ടത്. സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുവെങ്കിൽ, ലോകത്തിനു മുന്നിൽ ഉറച്ച പ്രതിരോധശേഷി പ്രകടമാക്കണം. അന്താരാഷ്ട്ര സമ്മർദം ശക്തമാകുമ്പോൾപ്പോലും ക്ഷമാപണം വൈകിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ അർത്ഥം.

(ദി ജറുസലേം പോസ്റ്റ് പ്രതിനിധിയാണ് ലേഖകൻ)