സുശീല കർക്കി നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയാകും,​ ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Friday 12 September 2025 7:48 PM IST

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിലെ ഇടക്കാലപ്രധാനമന്ത്രിയാകും. സുശീല കർക്കി ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട് . സൈനിക മേധാവികളും ജെൻ-സി പ്രക്ഷോഭകരും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുശീല കർക്കിയെ തിരഞ്ഞെടുത്തത്. സുശീല കാർക്കിയുടെ പേര് സുപ്രീം കോടതി ബാർ അസോസിയേഷന്റെ സെക്രട്ടറിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് പ്രക്ഷോഭകർ നിർദ്ദേശിച്ചത്. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് കാർക്കി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പൗരത്വ അവകാശങ്ങൾ കൈമാറാൻ പ്രാപ്തമാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി സുപ്രധാന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യത്യസ്ത സ്ഥാനാർത്ഥികളെ പിന്തുണച്ചവർക്കിടയിൽ തർക്കം ഉടലെടുത്തതായി നേരത്തെ നേപ്പാളിലെ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് നേതാവില്ലാത്തതിനാൽ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിക്കായി നാല് മുൻനിരക്കാരുടെ പേരുകളാണ് ഉയർന്നുവന്നത്. കാഠ്മണ്ഡു മേയർ ബാലേൻ ഷാ, സുശീല കർക്കി, വൈദ്യുതി ബോർഡിന്റെ മുൻ മേധാവി കുൽമാൻ ഗിസിംഗ്, ധരൺ മേയർ ഹർക്ക രാജ് സംപാംഗ് റായ് എന്നിവരുടെ പേരുകളാണ് ചർച്ച ചെയ്തത് .മുൻ റാപ്പറായ കാഠ്മണ്ഡു മേയർ ബാലേൻ ഷാ, ജെൻസി പ്രക്ഷോഭകർക്ക് പിന്തുണയുമായി നിലകൊണ്ടയാളാണ്.