പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു; 75 യാത്രക്കാരുമായി അടിയന്തര ലാന്‍ഡിംഗ്

Friday 12 September 2025 8:22 PM IST

മുംബയ്: സ്‌പൈസ് ജെറ്റ് വിമാനം പറന്ന് ഉയര്‍ന്നതിന് പിന്നാലെ ചക്രം ഊരിത്തെറിച്ചു. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തില്‍ നിന്ന് മുംബയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്.

75 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിന്‍ ചക്രങ്ങളില്‍ ഒരെണ്ണമാണ് ഊരിത്തെറിച്ചത്.

പറന്ന് ഉയര്‍ന്ന ഉടനെ തന്നെ വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു ഊരി തെറിക്കുന്നത് കണ്‍ട്രോള്‍ സെന്ററിലെ ഉദ്യോഗസ്ഥന്‍ ആണ് ശ്രദ്ധിച്ചത്. എന്നാല്‍ ഉയരത്തില്‍ നിന്നായതിനാല്‍ എന്ത് വസ്തുവാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ പിന്‍ ചക്രം കണ്ടെത്തുകയായിരുന്നു.

വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.