വൃഷഭ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ

Saturday 13 September 2025 3:52 AM IST

ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ. നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. തെലുങ്ക് - മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നട, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി എത്തും. റോഷൻ മേക, ഷനയ കപൂർ, സഹ്‌റ‌ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്തി മെക എന്നിവരാണ് മറ്റു താരങ്ങൾ. ഒക്ടോബർ 16ന് റിലീസ് ചെയ്യും. മലയാളം പതിപ്പിന് സംഭാഷണം ഒരുക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ഇമോഷനൽ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്നു.

എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മുവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്‌ത, ശ്യാം സുന്ദർ, ബാലജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്‌ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചേർന്നാണ് നിർമ്മാണം.