ദേശീയപാത പൂർത്തിയാക്കണം
ദേശീയപാത 66-ന്റെ 480 കിലോമീറ്റർ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്നാണ് ഏറ്റവും ഒടുവിൽ പറയപ്പെടുന്നത്. ആകെ 642 കി.മീറ്റർ ദൈർഘ്യമുള്ള പാതയിൽ ശേഷിക്കുന്ന ദൂരത്തിൽ 82 കി. മീറ്ററിന്റെ പണി കൂടി അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്നാണ് പറയുന്നത്. ബാക്കിയുള്ള 80 കി. മീറ്ററിന്റെ കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ദേശീയപാതയുടെ നിർമ്മാണം തെക്കൻ ഭാഗങ്ങളിൽ മാസങ്ങളായി ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതിന്റെ ദുരിതം മുഴുവൻ ഈ ഭാഗങ്ങളിലുള്ള ജനങ്ങൾ മാസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം കൂടിയിരുന്നു. ഈ യോഗത്തിൽ തിരുവനന്തപുരം, വടകര, തുറവൂർ എന്നീ ഭാഗങ്ങളിൽ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന വിമർശനം ഉയർന്നുവന്നു.
ഇങ്ങനെ മെല്ലപ്പോക്കു നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതാ അധികൃതരോട് യോഗത്തിൽ ആവശ്യപ്പെടുകയുണ്ടായി. കണ്ണൂരിലെ നടാലിൽ ബസുകൾക്കു കൂടി സഞ്ചരിക്കാനാകും വിധം അടിപ്പാത നിർമ്മിക്കണമെന്നും ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിർമ്മാണ പ്രവൃത്തികൾക്ക് തടസമുണ്ടായാൽ അത് പരിഹരിക്കാൻ മാസങ്ങൾ നീളുന്ന പ്രവണത പല സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. ഇതാണ് യഥാർത്ഥത്തിൽ പണികൾ ഇഴഞ്ഞുനീങ്ങാൻ കാരണമാകുന്നത്. അതത് സ്ഥലങ്ങളിലെ കളക്ടറും പൊലീസ് മേധാവിയും സത്വരമായി ഇടപെട്ട് ഇത്തരം പ്രശ്നങ്ങൾ കാലതാമസം വരുത്താതെ ഒത്തുതീർപ്പാക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചത് പാലിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണം.
അതോടൊപ്പം, പ്രത്യേകിച്ച് വലിയ കാരണങ്ങളൊന്നുമില്ലാതെ തന്നെ ചില സ്ഥലങ്ങളിൽ കരാറുകാർ മെല്ലെപ്പോക്ക് നടത്തുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ദേശീയപാതാ അതോറിട്ടി നടപടികളൊന്നും സ്വീകരിക്കാറില്ല. ഇതാണ് ദേശീയപാതാ നിർമ്മാണം പറഞ്ഞ സമയത്ത് പൂർത്തിയാകാതെ നീളാൻ ഇടയാക്കുന്ന മറ്റൊരു കാരണം. മഴക്കാലത്തിന്റെ പേരിൽ മാസങ്ങളോളം പലയിടത്തും പണികൾ മുടങ്ങിയിരുന്നു. ഇതിനിടയിൽ വടക്കൻ പ്രദേശങ്ങളിൽ ചില സ്ഥലങ്ങളിൽ ദേശീയപാത ഇടിഞ്ഞതും ചിലയിടങ്ങളിൽ വിള്ളലുകൾ ഉണ്ടായതും കരാറുകാർക്കെതിരെ നടപടികൾ വന്നതും ജനങ്ങളുടെ പ്രതിഷേധ സമരങ്ങളുണ്ടായതുമൊക്കെ മെല്ലെപ്പോക്കിന്റെ സാഹചര്യം സൃഷ്ടിച്ചിരുന്നു. പതിനേഴ് സ്ട്രെച്ചുകളിലായി ആകെ 642 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയുടെ 560 കി.മീറ്റർ ഭാഗവും അടുത്ത മാർച്ചോടെ പൂർത്തിയായാൽ ഈ സർക്കാരിന്റെ കാലത്തുതന്നെ പാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാവും.
ഏറ്റവും മന്ദഗതിയിലുള്ള നിർമ്മാണം നടക്കുന്നത് തിരുവനന്തപുരം, കൊല്ലം മേഖലയിലാണ്. കൊല്ലത്ത് 56 കിലോമീറ്ററിൽ 24 കിലോമീറ്ററും, തിരുവനന്തപുരത്ത് 30 കിലോമീറ്ററിൽ വെറും അഞ്ച് കിലോമീറ്ററുമാണ് പൂർത്തിയായത്. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ള വാഹനയാത്ര വർഷങ്ങളായി ദുരിതപൂർണമായി തുടരുകയാണ്. കാസർകോടാണ് 83 കിലോമീറ്ററിൽ 70 കിലോമീറ്ററും നിർമ്മാണം പൂർത്തിയായത്. നിർമ്മാണ വേഗത്തിനായി കർമ്മപദ്ധതി തയ്യാറാക്കി നടപ്പാക്കാനാണ് ഇതുസംബന്ധിച്ച യോഗത്തിൽ തീരുമാനമായത്. കർമ്മപദ്ധതി തയ്യാറാക്കിയതുകൊണ്ടു മാത്രം കാര്യമായില്ല. ഇത് ഓരോ മാസവും അവലോകനം ചെയ്യപ്പെടുകയും വേണം. അങ്ങനെ ചെയ്‌തില്ലെങ്കിൽ രണ്ടുവർഷം കഴിഞ്ഞാലും ദേശീയപാതാ നിർമ്മാണം പൂർത്തിയാകില്ല.