അമീബിക് മസ്തിഷ്‌ക ജ്വരം കരുതലും ജാഗ്രതയും അനിവാര്യം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ചാലിപ്പറമ്പ് മണ്ണാറക്കൽ ഷാജി(44)യുടെ മരണമാണ് അവസാനത്തേത്. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. കഴിഞ്ഞവർഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് എട്ടുപേരാണ് മരിച്ചത്. മാത്രമല്ല, 38 പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിരോധ
നടപടികൾ ശക്തം രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. നിലവിൽ സർക്കാർ ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ വിവിധ ആരോഗ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം. കെട്ടിക്കിടക്കുന്ന ജസസ്രോതസുകളും കുളങ്ങളും വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യും. കുടിവെള്ള സ്രോതസുകൾ പരിശോധിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ജലാശയങ്ങളിൽ
ഇറങ്ങുമ്പോൾ ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ നീന്താനിറങ്ങുന്നവർ ഈ അമീബയ്‌ക്കെതിരെ ജാഗ്രത പുലർത്തേണ്ടതും അത്യാവശ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്ക് കടന്ന് കോശങ്ങളെ ഉൾപ്പെടെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. രോഗം വഷളാകുന്ന ഘട്ടത്തിലെത്തുന്നതിനു മുമ്പേ തിരിച്ചറിയാൻ പലപ്പോഴും സാധിക്കാത്തതും മരണനിരക്ക് ഉയർത്തുന്നുണ്ട്. അമീബിക് മസ്തിഷ്‌കജ്വരം കുട്ടികളിലാണ് കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. തടാകങ്ങൾ, പുഴകൾ, നീരുറവകൾ, അരുവികൾ തുടങ്ങിയിടത്തെല്ലാം രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കാണാം. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാൽ ഈ വെള്ളം കുടിച്ചാൽ അമീബ ഉള്ളിൽ എത്തില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല. കുളിമുറിയിൽ കുളിക്കുന്നവർക്കിടയിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇത്തരമൊരു സാഹചര്യത്തിൽ എന്ത് പ്രതിരോധ മാർഗം സ്വീകരിക്കും എന്നതും നിർണായകമാണ്. രോഗത്തിന്റെ രാജ്യാന്തര മരണ നിരക്ക് 97 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 24 ശതമാനമായി നിയന്ത്രിച്ചത് നേട്ടമെന്ന സർക്കാരിന്റെ അവകാശവാദം ഉയരുമ്പോഴും വ്യക്തതയോടും കൃത്യതയോടും ഒരു പ്രതിരോധ മാർഗം കണ്ടെത്തണമെന്നതാണ് പ്രധാന വെല്ലുവിളി. മരുന്നു കൊടുത്തു ചികിത്സിക്കുന്നതല്ല, രോഗപ്രതിരോധത്തിലാണ് വിജയിക്കേണ്ടതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിസാരമായി കാണരുത്
രോഗാണുബാധയുണ്ടായി ഒന്ന മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങളുണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളിലേക്കും കടക്കും. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.
രോഗം ബാധിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാദ്ധ്യമാണെന്നതാണ് പ്രധാന വെല്ലുവിളി. 97 ശതമാനത്തിന് മുകളിൽ മരണനിരക്കുള്ളപ്പോഴും ആഗോളതലത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകൾ പരിശോധിച്ചാൽ 100 ശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത്, രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയത് നാലോ അഞ്ചോ പേർ മാത്രമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ ഇപ്പോഴുമില്ല. രോഗലക്ഷണങ്ങളെ ചികിത്സിക്കുക എന്നതു കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിറുത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യുന്നത്.
നെഗ്ലേരിയ ഫൗലെറി ബാധക്ക് ഉയർന്ന മരണനിരക്ക് ഉണ്ടെങ്കിലും ഇതിന്റെ അണുബാധ നിരക്ക് വളരെ കുറവാണ്. വളരെ കുറഞ്ഞ നിലയിൽ മാത്രമേ ഈ രോഗം കാണപ്പെടാറുള്ളൂ. 1965ൽ ഓസ്‌ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ ഈ അമീബയുടെ സാന്നിദ്ധ്യം പിന്നീട് സ്ഥിരീകരിച്ചു. രോഗം പടരുന്നതിനിടെ സ്ഥിതിഗതി ആരോഗ്യവകുപ്പ് ഗൗരവമായി എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. എത്രയും പെട്ടന്ന് ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ മാത്രമേ അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്നും രക്ഷനേടാനാകു. ഇതിനായി വേണ്ട മുൻകരുതലുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണ്.