പൈപ്പ് കുഴിച്ചിടൽ തുടർക്കഥ പട്യക്കാലയിൽ കുടിവെള്ളമില്ല

Saturday 13 September 2025 1:00 AM IST

പൂവാർ: പട്ട്യക്കാലയിൽ പൈപ്പ് കുഴിച്ചിടൽ തുടർക്കഥയായതോടെ പ്രദേശവാസികൾ ദുരിതത്തിലാണെന്ന് പൊതുപ്രവർത്തകർ. നെയ്യാറ്റിൻകര പൂവാർ റോഡിലെ പട്ട്യക്കാല മുതൽ അനുമാനൂർ വരെയുള്ള ഭാഗങ്ങളിലാണ് വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ റോഡ് മുറിച്ചുള്ള പൈപ്പിടൽ വ്യാപകമായിരിക്കുന്നത്. ജെ.സി.ബി ഉപയോഗിച്ചാണ് റോഡിന്റെ ഇരുവശങ്ങളിലും കുഴികളെടുക്കുന്നത്. ഈ കുഴികൾ സമയബന്ധിതമായി മൂടാതെ മാസങ്ങളോളം കിടക്കുന്നതാണ് പ്രദേശത്ത് അപകടങ്ങളുണ്ടാകാൻ കാരണം.

പ്രദേശമാകെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിപടങ്ങളുടെ തോത് വർദ്ധിക്കും. വൃദ്ധർക്കും കുട്ടികൾക്കും ഈ റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. അരുമാനൂർ എൽ.പി സ്കൂൾ, അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സമീപങ്ങളിലും പൈപ്പ് ഇടാനെടുത്ത കുഴികൾ അപകടകാരികളാണ്. പൊതുപ്രവർത്തകരും നാട്ടുകാരും നിരവധിതവണ പരാതികൾ ഉന്നയിച്ചിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല.

കുടിവെള്ളമില്ല

പൈപ്പ് പൊട്ടൽ വ്യാപകമായതോടെ തീരദേശ പഞ്ചായത്തായ പൂവാറിലെ പട്യക്കാല,അരുമാനൂർ പരണിയം,കാലായിത്തോട്ടം, അരശുംമൂട്,കഞ്ചാംപഴിഞ്ഞി,ചെക്കടി,പൂവാർ ബണ്ട് തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം കുട്ടുന്നില്ല. ആഴ്ചയിൽ ഒന്നാ രണ്ടോ ദിവസമാണ് സാധാരണഗതിയിൽ പൈപ്പിൽ വെള്ളമെത്തുന്നത്. പൈപ്പ് പൊട്ടിയാൽ പത്തും പന്ത്രണ്ടും ദിവസം കഴിഞ്ഞാലേ വെള്ളമെത്തുകയുള്ളൂ. പൊട്ടിയ ഭാഗം അടയ്ക്കുന്നതുവരെ കുടിവെള്ളം ദൂരസ്ഥലങ്ങളിൽ നിന്നും ശേഖരിക്കുകയാണ് പതിവ്. ഇക്കാലയളവിൽ വെള്ളം വില കൊടുത്തു വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.

പദ്ധതികൾ നിരവധി

കാഞ്ഞിരംകുളം വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള പൂവാർ പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികൾ കരിച്ചൽ പമ്പ് ഹൗസ്, കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയാണ്.

കരുംകുളം പൂവാർ പഞ്ചായത്തുകളുടെ തീരപ്രദേശം ഉൾപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിൽ കരിച്ചൽ പമ്പ് ഹൗസിൽ നിന്നുമാണ് വെള്ളമെത്തുന്നത്. അതും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം. ആകെ ആശ്രയം കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് മാത്രമാണ്. 2018ലാണ് തിരുപുറത്തെ കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്. കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നത് ഇവിടെ നിന്നുമാണ്.

പരിഹാരം കാണാതെ

കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിൽ എത്തിക്കാൻ നടത്തിയ ശ്രമം ആദ്യഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. പഴക്കമേറിയതും, വലിപ്പക്കുറവ് ഉള്ളതുമായ പൈപ്പുകളാണ് നിലവിലുള്ളത്. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെ പൈപ്പുകൾ പൊട്ടാൻ തുടങ്ങി. മണ്ണിനടിയിലുള്ള കാലപ്പഴക്കമേറിയതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയാണ് ശാശ്വത മാർഗമെന്ന് അധികൃതരും സമ്മതിക്കുന്നു. എന്നാൽ പൈപ്പ് മാറ്റൽ പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും വാട്ടർ അതോറിട്ടിക്ക് കഴിയുന്നില്ല.