'അന്തിത്തോറ്റം' നാടകം തൈക്കാട് ഗണേശത്തിൽ
തിരുവനന്തപുരം: സിംഗപ്പൂർ കൈരളി കലാനിലയം എന്ന മലയാളി കലാസാംസ്‌കാരിക കൂട്ടായ്മയുടെ 'അന്തിത്തോറ്റം' നാടകം ഇന്ന് വൈകിട്ട് 6.45ന് തൈക്കാട് ഗണേശത്തിൽ നടക്കും. ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായാണ് നാടകം തലസ്ഥാനത്ത് അവതരിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്പട്ടാളം വധിച്ച ഏക ഇന്ത്യൻ പൗരനും മലയാളിയുമായ മുച്ചിലോട്ടു മാധവന്റെ കഥയാണ് അന്തിത്തോറ്റത്തിന്റെ പ്രമേയം. പാരിസിൽവച്ച് ജർമ്മൻ അധിനിവേശസേന വെടിവച്ചു കൊല്ലുന്നതിന് മുൻപുള്ള മണിക്കൂറുകളിലെ അദ്ദേഹത്തിന്റെ ആത്മസംഘർഷങ്ങളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.
മലയാളം മുഖ്യഭാഷയും ഫ്രഞ്ച്, ജർമ്മൻ ഭാഷകളും ഒത്തുച്ചേരുന്ന അന്തിത്തോറ്റത്തിന്റെ രചന ബംഗളൂരുവിൽ താമസക്കാരനായ അനിൽരോഹിത്തും സംവിധാനം സിംഗപ്പൂരിൽ താമസിക്കുന്ന ശ്രീകാന്ത് മേനോനുമാണ് നിർവഹിച്ചിരിക്കുന്നത്. നടീനടന്മാരും അണിയറ പ്രവർത്തകരും സിംഗപ്പൂരിലെ സ്ഥിരതാമസക്കാരായ മലയാളികളാണ്. ബംഗളൂരു ആസ്ഥാനമായ മലയാളി സംഘടനയായ ഫെയിമയും ചെന്നൈ ആസ്ഥാനമായ കലാസാംസ്‌കാരിക കൂട്ടായ്മയായ ദക്ഷിണയും ചേർന്നാണ് അന്തിത്തോറ്റം അരങ്ങിലെത്തിക്കുന്നത്.