ക്രിമിനൽ തൊപ്പിക്ക് രക്ഷാ കവചം

Saturday 13 September 2025 3:07 AM IST

ക്രിമിനലുകളെ പൊലീസിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടെങ്കിലും അതല്ല യഥാർത്ഥ സ്ഥിതി. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾ മരവിപ്പിച്ച് സേനയിലെ ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുകയാണ് ഉന്നതർ. എട്ടുവർഷത്തിനുള്ളിൽ 108പേരെ പിരിച്ചുവിട്ട് സേനയ്ക്കാകെ സർക്കാർ ഷോക്ക് നൽകിയിരുന്നതാണെങ്കിലും രണ്ടുവർഷത്തോളമായി ക്രിമിനൽ പൊലീസിനെതിരായി ഒരു നടപടിയുമില്ല. ഗുരുതര കേസുകളിൽപ്പെട്ട 59 ഉദ്യോഗസ്ഥർക്കെതിരേ തുടങ്ങിയ നടപടി അട്ടിമറിക്കപ്പെട്ടു. ഇതോടെ കുഴപ്പക്കാർ ക്രമസമാധാനചുമതലയിൽ തുടരുകയാണ്. ഇവർക്കെതിരായി നടപടിക്കുള്ള ശുപാർശാ ഫയലുകൾ പൂഴ്‌ത്തിയിരിക്കുകയാണ്. വകുപ്പുതല അന്വേഷണം വൈകിപ്പിച്ച് ഒടുവിൽ തെളിവില്ലെന്ന് എഴുതിത്തള്ളിയാണ് പൊലീസിലെ ക്രിമിനലുകളെ രക്ഷിക്കുന്നത്. വകുപ്പുതല അന്വേഷണം നടത്തുന്നത് പൊലീസുകാരായതിനാൽ ചുരുക്കം കേസുകളിലേ സത്യസന്ധമായ അന്വേഷണം നടക്കാറുള്ളൂ.

കൈക്കൂലി, കസ്റ്റഡിക്കൊല, കസ്റ്റഡിമർദ്ദനം എന്നീ കുറ്റങ്ങൾക്കടക്കം സസ്പെൻഷനിലായിരുന്നവരെ തിരിച്ചെടുക്കുകയും ചെയ്തു. പൊലീസിലെ ക്രിമിനലുകൾക്കെതിരായ നടപടിയിൽ വിട്ടുവീഴ്ച പാടില്ലെന്നും ക്രിമിനലുകൾ സേനയിൽ പാടില്ലെന്നും മുഖ്യമന്ത്രി നേരത്തേ നിർദ്ദേശിച്ചിരുന്നതാണ്. പൊലീസ് ആക്ടിലെ സെക്ഷൻ-86 പ്രയോഗിച്ച് സ്ഥിരം കുഴപ്പക്കാരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ പൊലീസ് സംഘടനകളും ഉന്നത ഓഫീസർമാരും രാഷ്ട്രീയ നേതൃത്വവും കൈകോർത്താണ് പിരിച്ചുവിടൽ നടപടിയൊഴിവാക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ടവരെ സ്ഥലംമാറ്റുകയോ സസ്പെൻഷനിലാക്കുകയോ ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടശേഷം തിരിച്ചെടുത്ത് ക്രമസമാധാന ചുമതല നൽകുന്നതാണ് പുതിയ രീതി. ഡി.ഐ.ജിമാരും എസ്.പിമാരും പൊലീസിലെ ക്രിമിനലുകളുടെ പട്ടിക കൃത്യമായ ഇടവേളകളിൽ പൊലീസ് ആസ്ഥാനത്തേക്ക് നൽകിയിരുന്നതും നിലച്ചു.

ജനങ്ങളോട് മോശം പെരുമാറ്റം, മർദ്ദനം, മാഫിയകളുമായി ചങ്ങാത്തം അടക്കം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയാണ് നടപടിക്കൊരുങ്ങിയത്. ഗുണ്ടാ-മാഫിയാ സംഘങ്ങളെ സഹായിക്കുന്ന പൊലീസുകാർക്കെതിരേ ക്രിമിനൽ കേസെടുത്ത് സേനയിൽനിന്ന് പുറത്താക്കാനായിരുന്നു തീരുമാനം. ഗുണ്ടാസംഘങ്ങൾക്ക് വിവരങ്ങൾ ചോർത്തുന്ന പൊലീസുകാരെയും പിരിച്ചുവിടാനൊരുങ്ങി. കുറ്റക്കാരുടെ റാങ്ക് പരിഗണിക്കാതെ അതിശക്തമായ നടപടി ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശമാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തി പുറത്താക്കാൻ ശുപാർശ ചെയ്യാനുള്ള രഹസ്യസ്വഭാവത്തിലുമുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകൾ നിർജ്ജീവമാണിപ്പോൾ. പെരുമാറ്റദൂഷ്യം, മാഫിയ-ക്രിമിനൽ-ഗുണ്ടാ ബന്ധം, സ്ത്രീകളോടും കുട്ടികളോടുമുള്ള മോശം ഇടപെടൽ, പണപ്പിരിവ്, പലിശ-ലഹരിയിടപാട് കണ്ടെത്താനായിരുന്നു സെല്ലുകൾ. പൊലീസ്‌ മേധാവിയും അഡി. ഡി.ജി.പിമാരുമടങ്ങിയ സമിതി പരിശോധിച്ച് നടപടിയെടുക്കാനും വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചു വിടാനുമായിരുന്നു തീരുമാനം. ഇതെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

കുഴപ്പക്കാരെ റാങ്ക് പരിഗണിക്കാതെ പിരിച്ചുവിടാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ക്രിമിനലുകൾ പൊലീസിൽ വേണ്ടെന്നും അതിശക്തമായ നടപടി ഉറപ്പാക്കണമെന്നും ഇനി പരാതികളുണ്ടാവരുതെന്നും ഡിജിപിക്ക് നിർദ്ദേശം നൽകിയതാണ്. ഇതേത്തുടർന്ന് പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താൻ രഹസ്യാന്വേഷണം ശക്തമാക്കാനും ആഴ്ചതോറും സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും ആഭ്യന്തര അന്വേഷണ സമിതിയുണ്ടാക്കാനുമൊക്കെ നടപടി തുടങ്ങിയെങ്കിലും ഫലം കണ്ടിട്ടില്ല. അതേസമയം, നടപടിക്രമത്തിലെ കാലതാമസം കാരണമാണ് കുറ്റക്കാർക്കെതിരായ നടപടി വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പൊലീസിലെ ക്രിമിനലുകളെ തുടക്കത്തിലേ തിരിച്ചറിഞ്ഞ്, സേനയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് കാര്യക്ഷമമായ വിവരശേഖരണത്തിന് പൊലീസിൽ രഹസ്യസ്വഭാവമുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകളും നിർജീവമായിട്ടുണ്ട്. അഡി.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ സംസ്ഥാന, ജില്ലാ തലത്തിൽ ഐ.ജിമാർ, എസ്.പിമാർ. ഡിവൈ.എസ്.പിമാർ എന്നിവരടങ്ങിയ സെല്ലുകളിലെ അംഗങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. എല്ലാ റാങ്കുകളിലുമുള്ള പൊലീസുദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം, മണ്ണ്- മണൽ മാഫിയകളുമായും ക്രിമിനലുകളുമായും ഗുണ്ടകളുമായുള്ള ബന്ധം, സ്ത്രീകളോടും കുട്ടികളോടുമുള്ള മോശം ഇടപെടൽ, ലഹരി സംഘങ്ങളുമായുള്ള ബന്ധം, പണപ്പിരിവ്, പലിശയിടപാട് എന്നിവയെല്ലാം നേരത്തേ കണ്ടെത്തി പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു സെല്ലിന്റെ ചുമതല.

ക്രിമിനൽ കേസുകളിൽ പ്രതികളായ എല്ലാ പൊലീസുകാരുടെയും കേസ് വിവരങ്ങൾ അവലോകനം ചെയ്യാനും ഗുരുതര കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന എല്ലാവരെയും പിരിച്ചുവിടാനുമുള്ള സർക്കാർ തീരുമാനവും നടപ്പായില്ല. പൊലീസുകാരുടെ കേസുകളുടെ പരിശോധന പൊലീസ് ആസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. പൊലീസിലെ ക്രിമിനലുകളുടെ വിവരങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നേരിട്ട് മൂന്ന് അവലോകന യോഗങ്ങൾ വിളിച്ചിരുന്നു. പൊലീസിന്റെ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാത്തവർ സേനയുടെ ഭാഗമായി ഉണ്ടാവരുതെന്നും തെ​റ്റുചെയ്തവർ സേനയിൽ തുടരുന്നത് പൊലീസിന്റെ യശസ്സിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി കർശന നിലപാടെടുത്തിരുന്നു. അടിപിടിക്കേസ് തുടങ്ങിയ നിസാര കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ പിരിച്ചുവിടില്ല. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളെയാവും പിരിച്ചുവിടുക. 59 പൊലീസുകാരുണ്ടെന്ന് ഏതാനും വർഷം മുൻപ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 12 പേർ പോക്സോ കേസിലും 5 പേർ പീഡനക്കേസിലും പ്രതികളായിരുന്നു.

നടപടിക്ക് പൊലീസ്

ആക്ടിൽ വകുപ്പുകളേറെ

സെക്ഷൻ-29(1)

പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യയും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്.

സെക്ഷൻ-86(1)(സി)

മാനസികമായോ ശാരീരികമായോ പെരുമാറ്റം കൊണ്ടോ പൊലീസിന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് അയോഗ്യനായാൽ പൊലീസുദ്യോഗസ്ഥനായി തുടരാൻ അർഹതയില്ലാത്തതാണ്.

സെക്ഷൻ-86(3)

അക്രമോത്സുകത, അസാന്മാർഗ്ഗികത എന്നിവയടങ്ങിയ കുറ്റത്തിന് ശിക്ഷിച്ചവരെയും പ്രതികളെയും സസ്പെൻഡ് ചെയ്തശേഷം ഹിയറിംഗ് നടത്തി പിരിച്ചുവിടാം, നിർബന്ധമായി വിരമിപ്പിക്കാം.

ക്രിമിനലുകൾ ഒന്നര ശതമാനം

പൊലീസിൽ 828 ക്രിമിനൽ കേസ് പ്രതികളുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. 55,000 അംഗങ്ങളുള്ള സേനയിൽ ക്രിമിനൽ കേസുള്ളവർ 1.56 ശതമാനമാണ്. 98.44 ശതമാനം പേരും കുറ്റകൃത്യങ്ങളിൽ പെടാത്തവരാണ്. യു.ഡി.എഫ് കാലത്ത് 976 പൊലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു. ആരോപണമുയരുമ്പോൾ അന്വേഷണം നടത്തി കൃത്യമായി കേസെടുക്കാറുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം.