അപശ്രുതി വഴിമാറി ; എതിരില്ലാതെ ബിനോയ്, സംസ്ഥാന കൗൺസിലിൽ വെട്ടിനിരത്തൽ
ആലപ്പുഴ: ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന അപശ്രുതികളും ആക്ഷേപങ്ങളും സമാന്തര നീക്കങ്ങളും ഒടുവിൽ ഒഴിഞ്ഞു. ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ആലപ്പുഴ സംസ്ഥാന സമ്മേളനം എതിരില്ലാതെ തിരഞ്ഞെടുത്തു. പക്ഷേ സംസ്ഥാന കൗൺസിൽ നടന്നത് വെട്ടിനിരത്തൽ. കൗൺസിലിൽ ഉൾപ്പെടുത്താത്തതിൽ മീനാങ്കൽ കുമാർ അതൃപ്തി പരസ്യമാക്കി ഇറങ്ങിപ്പോയി.
103 അംഗ സംസ്ഥാന കൗൺസിലിനെയും 11 കാൻഡിഡേറ്റ് അംഗങ്ങളെയും ഒൻപത് അംഗ കൺട്രോൾ കമ്മിഷനെയും സമ്മേളനം തിരഞ്ഞെടുത്തു.
ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായതിനു പിന്നാലെ, കെ.പ്രകാശ്ബാബുവിനെ സെക്രട്ടറി പദവിയിലേക്ക് ഉയർത്തിക്കാട്ടാൻ ഒരുവിഭാഗം ശ്രമിച്ചിരുന്നു. ഏന്നാൽ അദ്ദേഹം വഴങ്ങിയില്ല. സംസ്ഥാന സമ്മേളനത്തിൽ
പഴയ കാനം പക്ഷക്കാരും മന്ത്രിമാരുമായ കെ.രാജൻ, പി.പ്രസാദ്, പി.സന്തോഷ് കുമാർ എം.പി, പി.പി.സുനീർ എന്നിവർ ബിനോയിയെ പന്തുണയ്ക്കുകയും ചെയ്തു. കെ.ഇ. ഇസ്മയിലുമായി അടുപ്പമുണ്ടായിരുന്ന വി.എസ്.സുനിൽകുമാർ, പി.എസ്.സുപാൽ എന്നിവർ മത്സരം വേണ്ടെന്ന നിലപാടുമെടുത്തു. ഇതോടെയാണ് ബിനോയ് വിശ്വത്തിന് പാത സുഗമമായത്.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് ബിനോയ് വിശ്വം പാർട്ടി സെക്രട്ടറിയായത്.
സത്യൻ മൊകേരി ബിനോയ് വിശ്വത്തിന്റെ പേരു നിർദ്ദേശിച്ചപ്പോൾ ഇടുക്കി ജില്ലാ സെക്രട്ടറി സലീംകുമാർ പിന്തുണച്ചു. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയാണ് സെക്രട്ടറിയെ പ്രഖ്യാപിച്ചത്.
ജില്ലകളുടെ അതൃപ്തി
പലർക്കും വിനയായി
പാർട്ടി ജില്ലാ നേതൃത്വങ്ങളുടെ അപ്രീതി കാരണമാണ് സംസ്ഥാന കൗൺസിലിൽ പ്രമുഖർ പലരും ഒഴിവാക്കപ്പെട്ടത്. തിരുവനന്തപുരത്തു നിന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറും പ്രസിഡന്റ് വെട്ടുകാട് സോളമനും തഴയപ്പെട്ടു. കാനവുമായി ഏറെ അടുപ്പമുണ്ടായിരുന്ന കോട്ടയം കാരനും എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ ശുഭേഷ് സുധാകർ, ഇടുക്കിയിൽ നിന്നുള്ള കെ.കെ.ശിവരാമൻ, കൊല്ലത്ത് നിന്നുള്ള ജി.എസ്. ജയലാൽ എം.എൽ.എ എന്നിവരെയും ഉൾപ്പെടുത്തിയില്ല. അതേസമയം, സംസ്ഥാന സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചുള്ള ഫോൺ സംഭാഷണത്തെ തുടർന്ന് വിവാദത്തിൽപ്പെട്ട കെ.എം.ദിനകരനും കമല സദാനന്ദനും കൗൺസിലിൽ ഇടംപിടിച്ചു.
സ്റ്റേറ്റ് സെന്ററിന്റെ പട്ടികയിൽ 19-ാമത്തെ അംഗമായി മഹിളാസംഘം പ്രതിനിധിയെ ഉൾപ്പെടുത്തിയെങ്കിലും ആരുടെയും പേര് ചേർത്തിട്ടില്ല. ഇ.എസ്. ബിജിമോൾക്കാണ് സാദ്ധ്യത.