യുവാവ് മരിച്ച സംഭവം: വാഹനവും ഉടമയും അറസ്റ്റിൽ
മൂവാറ്റുപുഴ: വാഹനാപകടത്തിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ വാഹനവും ഡ്രൈവറും കല്ലൂർക്കാട് പൊലീസിന്റെ പിടിയിൽ. നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസിനെയും ഇയാൾ ഓടിച്ചിരുന്ന വാഹനവുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കല്ലൂർക്കാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപ് (36) ആണ് കഴിഞ്ഞ ബുധനാഴ്ച നടന്ന അപകടത്തിൽ മരിച്ചത്.
രാത്രി പതിനൊന്നോടെ പാണംകുട്ടിപ്പാറ - തോണിക്കുഴി ലിങ്ക് റോഡിലാണ് അപകടം. പ്രദീപിന്റെ ദേഹത്ത് വാഹനം ഇടിച്ചത് അറിഞ്ഞിട്ടും ജോമിൻ ജോസ് വാഹനം നിർത്താതെ പോകുകയായിരുന്നു. നട്ടെല്ലിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ വഴിയിൽ കിടന്ന യുവാവിനെ നാട്ടുകാർ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രദീപിന്റെ ശരീരത്തിൽ ഉണ്ടായിട്ടുള്ള പരിക്കുകൾ വാഹനം ഇടിച്ചതിനെ തുടർന്ന് ഉണ്ടായതാണെന്ന വിവരങ്ങളെ തുടർന്നു നടന്ന അന്വേഷണത്തിലാണ് വാഹനവും അതോടിച്ചിരുന്ന ജോമിൻ ജോസിനെയും തിരിച്ചറിഞ്ഞത്.
ജോമിന്റെ വാഹനമാണ് പ്രദീപിനെ ഇടിച്ചു വീഴ്ത്തിയത് എന്നു തിരിച്ചറിഞ്ഞതോടെ വാഹനം പാർക്ക് ചെയ്തിരുന്ന വർക് ഷോപ്പിനു മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി തടിച്ചു കൂടി. ജോമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയതിന് ശേഷമാണ് ജനം പിരിഞ്ഞു പോയത്.