മുൻ കൗൺസിലർക്ക് കുത്തേറ്റ സംഭവം: മകനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

Saturday 13 September 2025 1:54 AM IST

കൊച്ചി: കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ മകൻ ഷെഫിൻ ജോസഫിനെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് പാലാരിവട്ടം സ്റ്റേഡിയം ലിങ്ക് റോഡിൽ പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. കാക്കനാട്ടെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.

കലൂരിൽ ഗ്രേസി നടത്തുന്ന ബ്യൂട്ടി പാർലറിൽ വ്യാഴാഴ്ച വൈകിട്ടാണ് കുത്തേറ്റത്. ഷെഫിൻ ആവശ്യപ്പെട്ട പണം നൽകാതിരുന്നതാണ് പ്രകോപനകാരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗ്രേസി മകനെതിരെ പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇന്നലെ നോർത്ത് പൊലീസ് മൊഴി എടുത്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.