മകളുടെ കാര്യത്തില്‍ അത് അച്ഛന്റെ സ്വാഭാവിക കടമ; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

Friday 12 September 2025 11:09 PM IST

ന്യൂഡല്‍ഹി: മകളുടെ വിവാഹത്തിനുള്ള ചെലവ് വഹിക്കേണ്ടത് പിതാവിന്റെ സ്വാഭാവികമായ കടമയെന്ന് സുപ്രീം കോടതി. ദമ്പതിമാരുടെ വിവാഹമോചന കേസ് തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും മകളുടെ വിവാഹത്തിനായി പത്ത് ലക്ഷം നല്‍കണമെന്നാണ് ഭര്‍ത്താവിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മകളുടെ വിവാഹത്തിന് പണം നല്‍കുന്നതിന് തടസ്സമല്ലെന്നും കോടതി പറഞ്ഞു.

വിവാഹമോചനം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഭാര്യ ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 1996ല്‍ ഇരുവരും വിവാഹം കഴിക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ ഇപ്പോള്‍ അങ്ങനെയൊരു ബന്ധം നിലവിലില്ലെന്നും കോടതി പറഞ്ഞു. ഇരുവരും തമ്മില്‍ വിവാഹമോചനം നടത്തുന്നതിന് മുമ്പുള്ള മദ്ധ്യസ്ഥ ശ്രമങ്ങള്‍ പോലും ഫലംകണ്ടില്ലെന്നും ഇനി അത്തരത്തിലൊരു സാദ്ധ്യത ബാക്കിയില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി.

എന്നാല്‍ വിവാഹമോചനം ലഭിച്ചുവെന്ന കാരണത്താല്‍ മകളുടെ വിവാഹത്തിന് മുടക്കേണ്ട പണത്തിന്റേയോ ചെലവിന്റേയോ ബാദ്ധ്യതയില്‍ നിന്ന് ഭര്‍ത്താവിന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും മകളുടെ വിവാഹത്തിന് പണം ചെലവാക്കേണ്ടത് ഒരു പിതാവിന്റെ സ്വാഭാവികമായ കടമയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇതിന് ശേഷമാണ് മുന്‍ ഭാര്യയ്ക്ക് മകളുടെ വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പത്ത് ലക്ഷം രൂപ കൈമാറാന്‍ കോടതി നിര്‍ദേശിച്ചത്.

ദീര്‍ഘകാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹബന്ധം ഒത്തുചേര്‍ക്കാനാവാത്ത വിധം തകര്‍ന്നുവെന്നും കണക്കിലെടുത്ത്, 2019-ല്‍ കുടുംബകോടതി ഇവര്‍ക്ക് വിവാഹമോചനം നല്‍കിയിരുന്നു. 2023-ല്‍ ഡല്‍ഹി ഹൈക്കോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇനിയും ഈ വിവാഹമോചന ഉത്തരവില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.