നേതാക്കളുടെ വെളിപ്പെടുത്തലിൽ തലവേദനയാകുന്നു, പാർട്ടിക്കുള്ളിൽ ഊരാക്കുടുക്ക്

Saturday 13 September 2025 12:00 AM IST

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടിക്കുള്ളിലെ നേതാക്കളുടെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിന് തലവേദനയാകുന്നു. അഞ്ച് വർഷം മുമ്പ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായ ശരത്ത് പ്രസാദ്, ലിബിനുമായി നടത്തിയ റെക്കാഡ് സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തറ പഞ്ചായത്തിൽ ഉൾപ്പെട്ട എട്ട് സഹകരണ സംഘങ്ങളിൽ ഏഴിലും വ്യാപകമായ ക്രമക്കേടാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവുമായ നിബിൻ ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ ഊരാക്കുടുക്ക്. പുറത്തുവന്ന വെളിപ്പെടുത്തലുകളെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ് പാർട്ടി നേതൃത്വം. ശരത്ത് പ്രസാദ്, ലിബിനുമായി നടത്തിയ സംഭാഷണത്തിൽ എം.കെ.കണ്ണൻ, എ.സി.മൊയ്തീൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാൽ പുറത്തുവന്ന ശബ്ദ സംഭാഷണം തന്നെയാണെന്ന് ആദ്യം പറഞ്ഞ ശരത് പ്രസാദ് പിന്നീട് ഇത് തിരുത്തിയിരുന്നു. ശബ്ദത്തിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ശരത്ത് പ്രസാദിനോട് വിശദീകരണം ചോദിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറും വ്യക്തമാക്കിയിരുന്നു. ഇതിനിടെ നടത്തറ പഞ്ചായത്തിലെ സഹകരണ സംഘങ്ങളെ കുറിച്ച് നടത്തിയ ആരോപണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയ ലിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 'നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ ലെവൽ മാറും.പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. സി.പി.എം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണ്. എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ട്' തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയർത്തുന്നത്.

ഏഴു ബാങ്കുകളിലായി കോടികളുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇ.ഡി അന്വേഷണമെത്തിയാൽ പാർട്ടിക്ക് വീണ്ടും തിരിച്ചടിയാകും ( എം.ടി.രമേശ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി)

സി.പി.എം നേതാക്കളുടെ സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണം. ഇൻകം ടാക്‌സ് കമ്മീഷണർക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി. ( അനിൽ അക്കര, എ.ഐ.സി.സി അംഗം)

വസ്തുതാ വിരുദ്ധവും കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാർട്ടി നേതൃത്വത്തെ കുറിച്ച് ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നത്. പാർട്ടി നേതാക്കളെ സംബന്ധിച്ചോ പാർട്ടിയെ സംബന്ധിച്ചോ എനിക്ക് അത്തരത്തിൽ യാതൊരു അഭിപ്രായവുമില്ല. ഞാൻ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് അവർ ( ശരത് പ്രസാദ് , ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി)

പുറത്തുവന്ന ആരോപണത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണം. സമാനമായ രീതിയിൽ തന്നെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ നിബിൻ ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. വളരെ വേഗത്തിലാണ് ജില്ലയിലെ നേതാക്കളുടെ വളർച്ച. (അഡ്വ.ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്)

അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഓഡിയോ സന്ദേശത്തിൽ. ഇത് എതിരാളികൾ നടത്തുന്ന പ്രചാരണം മാത്രമാണ്. സുതാര്യമായ സംഘടനയാണ് സി.പി.എം. നേതാക്കളുടെ ജീവിതവും സുതാര്യമാണ്. അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടും. ( കെ.വി.അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി)

പഞ്ചായത്തംഗം ബിജുവും ലിബിനും ചേർന്നൊരുക്കിയ ഗൂഢാലോചനയാണ് ഇത്. ശബ്ദത്തിന്റെ ആധികാരികതയിൽ വിശ്വാസക്കുറവുണ്ട്. (എം.കെ. കണ്ണൻ, മുൻ സംസ്ഥാന സമിതി അംഗം )