പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കർമ്മപദ്ധതി
കൽപ്പറ്റ: സ്‌കൂളുകളിൽ നിന്നും പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കർമ്മ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. ജില്ലയിലെ ആകെ സ്‌കൂൾ വിദ്യാർത്ഥികളിൽ 20 ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. പഠനം പാതിവഴിയിൽ നിർത്തി കൊഴിഞ്ഞുപോകുന്നവരിൽ നാലിൽ മൂന്ന് പേരും പട്ടികവർഗ്ഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവർഗ്ഗ വിഭാഗത്തിന് പ്രഥമ പരിഗണന നൽകി കർമ്മപദ്ധതി തയ്യാറാക്കുന്നത്. 2025 അധ്യയന വർഷത്തിൽ ജൂലൈയിൽ 50 ശതമാനത്തിൽ താഴെ ദിവസങ്ങൾ സ്‌കൂളിലെത്തിയ കുട്ടികളുടെ എണ്ണം 618 ആയിരുന്നു. ഓഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം 50 ശതമാനത്തിൽ താഴെ ഹാജരുള്ളവർ 434 വരായി കുറഞ്ഞു.
വ്യക്തമായ കാരണമില്ലാതെ സ്‌കൂളിലെത്താത്ത വിദ്യാർത്ഥികളുടെ കണക്കുകൾ സ്‌കൂളുകളിൽ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ്പ് ഔട്ട് രജിസ്റ്റർ സൂക്ഷിക്കുകയും കർമ്മപദ്ധതിയിലൂടെ വിവിധ വകുപ്പുകൾ ഡ്രോപ്പ് ഔട്ട് രജിസ്റ്റർ അവലോകനം ചെയ്യും. വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാൻ നോഡൽ അദ്ധ്യാപകരുടെ നിയമനം, മൂന്ന് ദിവസത്തിൽ കൂടുതൽ സ്‌കൂളുകളിലെത്താത്തവരുടെ വീടുകളിൽ അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ സംയുക്ത സന്ദർശനവും പദ്ധതിയിലുടെ ഉറപ്പുവരുത്തും. ഒരോ വിദ്യാലയത്തിനും ഒരു പ്രൊമോട്ടർക്ക് വ്യക്തിഗത ഏകോപന ചുമതലയും നൽകും. സ്‌കൂളിൽ എത്താത്ത ഓരോ കുട്ടിയുടെയും വിവരങ്ങൾ പട്ടികവർഗ്ഗ വികസന വകുപ്പ് സമയബന്ധിതമായി പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബങ്ങളിൽ വിവിധ ബുദ്ധിമുട്ടുകളാൽ പഠനം തുടരാൻ പ്രയാസപ്പെടുന്ന കുട്ടികളെ പ്രീപോസ്റ്റ് എം.ആർ.എസ് ഹോസ്റ്റലുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉന്നതികൾ കേന്ദ്രീകരിച്ച് വീഡിയോ പ്രചാരണം നടത്തും. പ്രത്യേക ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പട്ടികവർഗ്ഗ വികസന വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കും. സ്‌കൂൾതദ്ദേശസ്വയംഭരണ താലൂക്ക്ജില്ലാതലത്തിൽ അവലോകന സമിതികൾ പ്രവർത്തിക്കും. പത്താം ക്ലാസ് വിജയിച്ച് തുടർ പഠനത്തിന്അപേക്ഷ നൽകാത്തവർ, ഹയർസെക്കൻഡറി പ്രവേശനം ലഭിച്ചിട്ടും പോകാത്ത വിദ്യാർത്ഥികളുടെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കും.