മോഷണക്കേസുകളിലെ പ്രതി ഒളിസങ്കേതത്തിൽ നിന്ന് പിടിയിൽ

Saturday 13 September 2025 12:02 AM IST

തുറവൂർ:നിരവധി മോഷണക്കേസുകളിലെ പ്രതിയെ കുത്തിയതോട് പൊലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടി. എറണാകുളം മുണ്ടൻവേലി പാലംപള്ളി പറമ്പിൽ അഭിലാഷ് ആന്റണി (28)യെയാണ് കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ.അജയമോഹന്റ നേതൃത്വത്തിലുള്ള സംഘം ഒളിവിൽ കഴിഞ്ഞിരുന്ന എരമല്ലൂർ എൻ.വൈ.സി ബാറിന് കിഴക്കുവശമുള്ള സങ്കേതത്തിൽ നിന്ന് പിടികൂടിയത്.കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അടിപിടി കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നുമാണ് ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.പ്രതിക്ക് നിലവിൽ എറണാകുളം സെൻട്രൽ,ഹിൽപാലസ്, കൊടുങ്ങല്ലുർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണക്കേസും,സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 10ഓളം മോഷണക്കേസുകളുമുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ.രാജീവ്,സി.പി.ഒമാരായ വിജേഷ്,സൈലൂമോൻ,എസ്.സി.പി.ഒ രജീഷ് എന്നിവർ ഉണ്ടായിരുന്നു. ഇയാളെ പിന്നീട് ഹിൽ പാലസ് പൊലീസിന് കൈമാറി.