കാവുങ്കൽ ഗ്രാമീണയുടെ സുവർണ്ണ ജൂബിലി കിരീടം എഫ്.സി നാഗർകോവിലിന്

Saturday 13 September 2025 12:04 AM IST

മുഹമ്മ: കാവുങ്കൽ ഗ്രാമീണയിൽ നടന്ന അമ്പതാമത് അഖില കേരള ഫുട്ബാൾ ടൂർണ്ണമെന്റിൽ എഫ്.സി നാഗർകോവിൽ ജേതാക്കളായി.സീനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ ആതിഥേയരായ കാവുങ്കൽ ഗ്രാമീണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്.സി നാഗർകോവിൽ പരാജയപ്പെടുത്തിയത്. ജൂനിയർ വിഭാഗം ഫൈനലിൽ കാവുങ്കൽ ദേവ് ഇലവൻ കാവുങ്കൽ ഗ്രാമീണയെ പരാജയപ്പെടുത്തി ജേതാക്കളായി.സീനിയർ വിഭാഗംവിജയികൾക്ക് കാവുങ്കൽ തകിടിയിൽ പി.കെ.വാസുവിന്റെ മക്കളായ ടി.വി.പൊന്നപ്പൻ, ടി.വി.തിരുമേനി എന്നിവരും കാവുങ്കൽ ബിനേഷ് ഭവനിൽ കെ.വിജയപ്പന്റെ മക്കളായ ബൈജു വിജയനും ബിനേഷ് വിജയനും എവറോളിംഗ് ട്രോഫികളും ക്യാഷ് പ്രൈസും കൈമാറി. എഫ്.സി നാഗർകോവിലിന് പി.കെ വാസു മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ലഭിച്ചത്.രണ്ടാം സ്ഥാനത്തെത്തിയ കാവുങ്കൽ ഗ്രാമീണയ്ക്ക് അൻപതിനായിരം രൂപയും കെ.വിജയപ്പൻമെമ്മോറിയിൽ എവറോളിംഗ് ട്രോഫിയും ലഭിച്ചു. ജൂനിയർ വിഭാഗം ജേതാക്കളായ കാവുങ്കൽ ദേവ് ഇലവനും രണ്ടാം സ്ഥാനത്ത് എത്തിയ കാവുങ്കൽ ഗ്രാമീണയ്ക്കും റോട്ടറി ക്ലബ്ബ് ചേർത്തല പ്രസിഡന്റ് പത്മകുമാർ ഗംഗാസ് ട്രോഫികൾ കൈമാറി. ഗ്രാമീണയുടെ ആദ്യകാല പ്രവർത്തകരെ എം.വി.സുരേഷ് ആദരിച്ചു. ക്ലബ് പ്രസിഡന്റ് ഗിരീഷ് കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.പി. ദേവരാജ്,ആര്യാട് ബ്ലോക്ക് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുയമോൾ,​ക്ലബ് വൈസ് പ്രസിഡന്റ് സുമേഷ് കാട്ടുകണ്ടത്തിൽ എന്നിവർ സംസാരിച്ചു.