പാണാവള്ളി കൃഷിഭവന് പുതിയ കെട്ടിടം

Saturday 13 September 2025 12:06 AM IST

ആലപ്പുഴ: കൃഷിഭവന് സ്വന്തമായി കെട്ടിടം വേണമെന്ന പാണാവള്ളിയിലെ കർഷകരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന കൃഷിഭവന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കൃഷിഭവൻ നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടം ജീർണിച്ചതിനെത്തുടർന്ന് മൂന്നുവർഷം മുമ്പ് പൊളിച്ചുനീക്കിയിരുന്നു. നിലവിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുസമീപത്തെ താൽക്കാലിക കെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നത്. ദലീമ ജോജോ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 33.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതി​യ കെട്ടി​ടത്തി​ന്റെ നിർമ്മാണം. 1000 ചതുരശ്ര അടി വസ്തീർണത്തിൽ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഓഫീസ്, സ്റ്റോർ മുറി, ഹാൾ, ശുചിമുറി തുടങ്ങിയവ ഒരുക്കും. നാല് മാസത്തിനുള്ളിൽ കൃഷിഭവൻ നാടിന് സമർപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.