ഡൽഹി, ബോംബെ ഹൈക്കോടതികളിൽ ബോംബ് ഭീഷണി

Saturday 13 September 2025 12:43 AM IST

ന്യൂഡൽഹി: ഡൽഹി, ബോംബെ ഹൈക്കോടതികളിൽ എത്തിയ ബോംബ് ഭീഷണി ജ‌ഡ്‌ജിമാരെയും അഭിഭാഷകരെയും സുരക്ഷാ സേനയെയും മുൾമുനയിൽ നിറുത്തി. ഇന്നലെ രാവിലെ 10.41ഓടെയാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഇ-മെയിൽ ലഭിക്കുന്നത്. വെള്ളിയാഴ്ചത്തെ പ്രാർത്ഥനാ സമയം കഴിഞ്ഞ് ജ‌ഡ്‌ജിമാരുടെ ചേംബറുകളിലും കോടതി ഹാളുകളിലും സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ കോടതികൾ സിറ്റിംഗുകൾ നിറുത്തി. ജഡ്‌ജിമാരെയും അഭിഭാഷകരെയും കോടതി ഹാളിൽ നിന്നുമാറ്റി. ഗുമസ്‌തന്മാരെയും കക്ഷികളെയും അടക്കം കോടതി വളപ്പിനു പുറത്തിറക്കി. ഡൽഹി പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ല. ഉച്ചയ്‌ക്കുശേഷമാണ് ബോംബെ ഹൈക്കോടതിയിൽ ഭീഷണി സന്ദേശമെത്തിയത്. അതും വ്യാജ ബോംബ് ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.