സ്പൈസ്ജെറ്റിന്റെ ചക്രം ഊരിത്തെറിച്ചു, സാഹസിക ലാൻഡിംഗ്
Saturday 13 September 2025 12:47 AM IST
മുംബയ്: ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിൻചക്രങ്ങളിൽ ഒന്ന് ഊരിത്തെറിച്ചു. വിമാനം സാഹസികമായി ലാൻഡ് ചെയ്തു.
ഇന്നലെ ഗുജറാത്തിലെ കാണ്ട്ല വിമാനത്താവളത്തിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് ക്യു 400 വിമാനത്തിന്റെ ടയറാണ് ഊരിത്തെറിച്ചത്. യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോ വൈറലാണ്. വിമാനം പറന്നുയർന്നപ്പോൾ ഒരു കറുത്ത വസ്തു താഴേക്ക് വീഴുന്നത് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൺവേയിൽ നിന്ന് ടയർ കണ്ടെത്തി. വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിശേഷം മുംബയ് വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി. വിമാനം മുംബയ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 75 യാത്രക്കാരും സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.