ചാർലി കിർക്ക് വധം: പ്രതി പിടിയിൽ

Saturday 13 September 2025 6:31 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത വിശ്വസ്തനും വലതുപക്ഷ രാഷ്ട്രീയ ആക്ടിവിസ്റ്റും അവതാരകനുമായ ചാർലി കിർക്കിനെ (31) വെടിവച്ചു കൊന്നയാൾ പിടിയിൽ. യൂട്ട സ്വദേശിയായ ടൈലർ റോബിൻസണാണ് (22) എഫ്.ബി.ഐയുടെ പിടിയിലായത്. കിർക്കിന്റെ ആശയങ്ങളോടുള്ള വിരോധമാണ് കൊലയ്ക്ക് കാരണം.

ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ ഔട്ട്ഡോർ സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് കിർക്കിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിപാടി തുടങ്ങുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് ക്യാമ്പസിലെത്തിയ റോബിൻസൺ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽ നിലയുറപ്പിക്കുകയായിരുന്നു. വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.

പ്രതിയുടെ ദൃശ്യങ്ങളും ആക്രമണത്തിന് ഉപയോഗിച്ച റൈഫിളും എഫ്.ബി.ഐ കണ്ടെടുത്തിരുന്നു. പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട എഫ്.ബി.ഐ 1,00,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. റോബിൻസണിന്റെ അടുത്ത കുടുംബാംഗം തന്നെയാണ് ഇയാളെ പറ്റിയുള്ള വിവരം എഫ്.ബി.ഐയ്ക്ക് കൈമാറിയത്.

ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശില്പികളിലൊരാളാണ് കിർക്ക്. കൺസർവേറ്റീവ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ടേണിംഗ് പോയിന്റ് അമേരിക്ക എന്ന എൻ.ജി.ഒയുടെ സഹ സ്ഥാപകനായ കിർക്ക്,​ യുവാക്കൾക്കിടെയിൽ ട്രംപിന് ഏറെ സ്വാധീനം നേടിക്കൊടുത്തു. കിർക്കിന്റെ സംസ്കാരച്ചടങ്ങിൽ ട്രംപ് പങ്കെടുക്കും.