ബ്രസീൽ മുൻ പ്രസിഡന്റ് ബൊൽസൊനാരോയ്ക്ക് 27 വർഷം ജയിൽ ശിക്ഷ

Saturday 13 September 2025 6:44 AM IST

ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് (70)​ 27 വർഷവും മൂന്നു മാസവും ജയിൽ ശിക്ഷ വിധിച്ച് സുപ്രീംകോടതി. അധികാരത്തിൽ തുടരാൻ പട്ടാള അട്ടിമറിക്ക് ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനാണ് നടപടി. നിലവിൽ വീട്ടുതടങ്കലിലാണ്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ബൊൽസൊനാരോയുടെ അഭിഭാഷകർ അറിയിച്ചു. സുപ്രീംകോടതി ശിക്ഷ റദ്ദാക്കാൻ സാദ്ധ്യത കുറവായതിനാൽ ശിക്ഷയിൽ ഇളവ് ചെയ്യാനോ വീട്ടുതടങ്കൽ തുടരാനോ ആവശ്യപ്പെട്ടേക്കും.

ബൊൽസൊനാരോ 2019ലാണ് പ്രസിഡന്റായത്. 2022ലെ തിരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. പിന്നാലെ രാജ്യത്തുണ്ടായ കലാപം, ലൂല അധികാരത്തിൽ എത്താതിരിക്കാൻ ബൊൽസൊനാരോ ആവിഷ്കരിച്ചതാണെന്ന് ആരോപിക്കുന്നു.

അതേ സമയം, ബൊൽസൊനാരോയെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും ബ്രസീലിനെതിരെ തീരുവകൾ ഉയർത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.