ഖത്തറിലെ ഇസ്രയേൽ ആക്രമണം: അപലപിച്ച് യു.എൻ രക്ഷാസമിതി, പ്രമേയത്തെ പിന്തുണച്ച് യു.എസും
ന്യൂയോർക്ക്: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാ സമിതി. യു.എസ് അടക്കം രക്ഷാ സമിതിയിലെ 15 അംഗങ്ങളും പിന്തുണച്ച പ്രമേയത്തിൽ ഇസ്രയേലിന്റെ പേര് പരാമർശിച്ചിട്ടില്ല. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും ന്യൂയോർക്കിൽ നടന്ന രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ പങ്കെടുത്തു. ഇസ്രയേലിനെതിരെയുള്ള യു.എൻ നടപടികളെ യു.എസ് എതിർക്കുകയായിരുന്നു പതിവ്. ഖത്തർ യു.എസിന്റെ നാറ്റോ ഇതര പങ്കാളിയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അൽ താനി കൂടിക്കാഴ്ച നടത്തും.
അതേ സമയം, ദോഹ ആക്രമണത്തിൽ ഇസ്രയേലിന്റെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി യു.എ.ഇ പ്രതിഷേധം അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്ന പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച വടക്കൻ ദോഹയിലെ ഹമാസ് ആസ്ഥാനത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു.