പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; കലാപശേഷമുള്ള ആദ്യ സന്ദർശനം, ബന്ദ് പ്രഖ്യാപിച്ച് തീവ്രസംഘടനകൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. വംശീയ സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്. കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ മോദി സന്ദർശിക്കും. നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മണിപ്പൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാകും മോദി ചുരാചന്ദ്പൂരിൽ എത്തുക. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പൂരിൽ പരിപാടി. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി എത്താനിരിക്കെ മണിപ്പൂരിൽ ഇന്നലെ സംഘർഷം ഉണ്ടായി. ചുരാചന്ദ്പൂരിലായിരുന്നു സംഭവം. മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. മണിപ്പൂരിൽ ദേശീയപാത - രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി. ഉപരോധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം.