' നേരിട്ടത് അതിക്രൂരമർദ്ദനം, സിസിടിവി ദൃശ്യങ്ങൾ വേണം'; കൊട്ടാരക്കരയിൽ പൊലീസിനെതിരെ രംഗത്തെത്തി യുവാവ്
കൊല്ലം: കൊട്ടാരക്കരയിൽ യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചതിന്റെ വിവരങ്ങൾ പുറത്ത്. പളളിക്കൽ സ്വദേശി ഹരീഷാണ് പൊലീസുകാർക്കെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പൊലീസുകാരനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്ഐയും സംഘവും പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം കേസായതോടെ മർദ്ദിച്ച പൊലീസുകാരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. എന്നാൽ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്നാണ് ഹരീഷിന്റെ ആവശ്യം. സ്റ്റേഷനിൽ വച്ച് മർദ്ദിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് യുവാവ് അപേക്ഷ നൽകിയിരിക്കുകയാണ്. തന്നെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഹരീഷ് ആവശ്യപ്പെടുന്നത്.
അടുത്തിടെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് ക്രൂരമർദ്ദനത്തിനിരയാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിനുപിന്നാലെ പീച്ചി സ്റ്റേഷനിൽ ഹോട്ടലുടമയെയും ജീവനക്കാരെയും പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രണ്ട് സംഭവങ്ങളിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിൽ ഒരു കൂട്ടം യുവാക്കളെ മാറനല്ലൂർ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.തുടർച്ചയായി പുറത്തുവരുന്ന സംഭവവികാസങ്ങൾക്കെതിരെ സമഗ്രാന്വേഷണം നടത്തുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റ് ചെയ്‌തവരെ സംരക്ഷിക്കേണ്ട ബാദ്ധ്യതയില്ലെന്നും കൃത്യമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.