പലസ്തീൻ പ്രശ്നത്തിൽ നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ, ഐക്യരാഷ്ട്രസഭ പ്രമേയത്തിൽ വോട്ട് ചെയ്തു
വാഷിംഗ്ടൺ: പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌ത് ഇന്ത്യ. യുഎൻ പൊതു സഭയിൽ ഫ്രാൻസ് അവതരിപ്പിച്ച പ്രമേയത്തെ 142 രാജ്യങ്ങൾ അനുകൂലിച്ചും 10 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തപ്പോൾ 12 രാജ്യങ്ങൾ വിട്ടുനിന്നു. പ്രമേയത്തെ എതിർക്കുന്ന രാജ്യങ്ങളിൽ ഇസ്രയേൽ, യുഎസ്, അർജന്റീന, ഹംഗറി എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിച്ചുകൊണ്ടാണ് ഫ്രാൻസ് യുഎൻ പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
ദ്വിരാഷ്ട്ര പരിഹാരം ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും നീതിപൂർവകമായ പരിഹാരം നേടാനും കൂട്ടായ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. ഗാസ വെസ്റ്റ് ബാങ്കുമായി ഏകീകരിക്കുന്ന ഒരു പരമാധികാരവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രമാണ് യുഎൻ പ്രമേയത്തൽ ഊന്നിപ്പറയുന്നത്.
ഇന്ത്യയുടെ നിലപാട് മാറ്റം ഗാസയെക്കുറിച്ചുള്ള ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടിൽ നിന്നുള്ള മാറ്റമാണ് . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, യുഎൻ പൊതുസഭയിൽ ഗാസ വിഷയത്തിൽ ഇന്ത്യ നാല് തവണ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ അറബ് രാജ്യങ്ങളിൽ നിന്ന് പ്രമേയത്തിന് ഏകകണ്ഠമായ പിന്തുണ നൽകിയിട്ടുണ്ട്.