അയൽക്കാരന്റെ പേര് പട്ടിക്കിട്ടു; കേസെടുത്ത് പൊലീസ്, യുവാവ് അറസ്റ്റിൽ

Saturday 13 September 2025 10:44 AM IST

ഭോപ്പാൽ: വളർത്തുനായയ്ക്ക് അയൽക്കാരന്റെ പേരിട്ടയാൾ അറസ്റ്റിൽ. ഇൻഡോറിലെ ശിവസിറ്റിയിലാണ് സംഭവം. അയൽക്കാരായ വീരേന്ദ്ര, കിരൺ ശർമ എന്നിവരുമായുള്ള തർക്കത്തിനൊടുവിൽ ഭൂപേന്ദ്ര സിംഗ് എന്നയാൾ വളർത്തുനായയ്ക്ക് 'ശർമാജി' എന്ന് പേരിടുകയായിരുന്നു. തുടർന്ന് നായയുടെ പേരിനെ ചോദ്യം ചെയ്ത കിരൺ ശർമയും ഭൂപേന്ദ്രയുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.

സംഘർഷത്തിനിടെ ഭൂപേന്ദ്രയും മറ്റുരണ്ടുപേരും ചേർന്ന് വീരേന്ദ്രയെയും കിരൺ ശർമയെയും മർദ്ദിക്കുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ ദമ്പതികൾ പൊലീസിൽ പരാതി നൽകി. പിന്നാലെ രാജേന്ദ്ര നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.