കുക്കർകൊണ്ട് തലയ്ക്കടിച്ചു, പിന്നെ കഴുത്തറുത്തു: വീട്ടമ്മയെ അതിക്രൂരമായി കൊന്ന രണ്ടുപേർ പിടിയിൽ

Saturday 13 September 2025 11:30 AM IST

ഹൈദരാബാദ്: സൈബറാബാദിൽ അമ്പതുകാരി രേണു അഗർവാളിനെ പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. രേണു അഗർവാളിന്റെ ഫ്ലാറ്റിലെ ജോലിക്കാരിയും കൂട്ടുകാരനുമാണ് പിടിയിലായതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ദിവസങ്ങൾക്കുമുമ്പാണ് ജാർഖണ്ഡ് സ്വദേശി ഹർഷ ഫ്‌ളാറ്റിൽ ജോലിക്കെത്തിയത്. ഇവരും മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനായ റൗഷാൻ എന്നയാളുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവദിവസം ഇരുവരും ഫ്‌ളാറ്റിലേക്ക് വരുന്നതിന്റെയും തിരികെ ബെെക്കിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

രേണുവിന്റെ കെെകാലുകൾ കെട്ടിയിട്ടശേഷം പ്രതികൾ പ്രഷർകുക്കർ കൊണ്ട് ഇവരുടെ തലയ്ക്കടിച്ചു. തുടർന്ന് കത്തിയും കത്രികയും ഉപയോഗിച്ചാണ് കഴുത്തറുത്തത്. കൃത്യം നടത്തിയശേഷം പ്രതികൾ ഫ്‌ളാറ്റിലെ കുളിമുറിയിൽ നിന്ന് കുളിക്കുകയും ഇതിനുശേഷം വസ്ത്രം മാറി രക്ഷപ്പെട്ടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.ഫ്‌ളാറ്റിലുണ്ടായിരുന്ന സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. കൊലപാതകം നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫ്ലാറ്റിൽതന്നെ ഉപേക്ഷിച്ചിരുന്നു.

സ്റ്റീൽ ബിസിനസുകാരനായ രേണുവിന്റെ ഭർത്താവ് അഗർവാളും 26കാരനായ മകനും ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഫ്‌ളാറ്റിൽ നിന്ന് കമ്പനിയിലേക്ക് പോയിരുന്നു. വെെകിട്ട് അഞ്ചുമണിക്ക് അഗർവാൾ ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ഫ്‌ളാറ്റിലെത്തിയെങ്കിലും പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ ബാൽക്കണിയിലെ വാതിൽ തുറന്നാണ് അകത്തുകടന്നത്. അപ്പോഴാണ് രേണുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.