അമ്പലത്തിന് മാത്രമല്ല തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അഷ്ടമി രോഹിണി ആഘോഷത്തിനുമുണ്ട് നിരവധി പ്രത്യേകതകൾ
തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം ഞായറാഴ്ച മഹാനിവേദ്യ സമർപ്പണത്തോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിക്കും. ഭക്തജനങ്ങളുടെ പ്രാർത്ഥനകളും സമർപ്പണങ്ങളും ചേർത്ത് കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കണ്ണന് 2001 ലിറ്റർ പാൽപായസവും 11111 ഉണ്ണിയപ്പവുമാണ് നിവേദിക്കുന്നത്.
രാവിലെ 11 മുതൽ ഭഗവാന്റെ പിറന്നാൾസദ്യ വിളമ്പും. ഭക്തജനങ്ങൾക്ക് രാവിലെ 9 മുതൽ പാൽപായസവും ഉണ്ണിയപ്പവും ക്ഷേത്രത്തിനു മുന്നിലെ സ്‌പെഷ്യൽ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.
മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 9മുതൽ സുപ്രസിദ്ധ ചലച്ചിത്ര സംഗീതസംവിധായകൻ സ്റ്റിൽജു അർജുനനും പാർട്ടിയും അവതരിപ്പിക്കുന്ന ഭക്തിഗാനമേള ആരംഭിക്കും. രാത്രി 11 ന് അവതാരപൂജ, 12ന് തിരുവാഭരണ വിഭൂഷിതനായ ഭഗവത്ദർശനം.
ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾ തിരക്കുകൂട്ടാതെ ഭഗവാനെ കണ്ട് പ്രാർത്ഥിക്കുവാനും തുടർന്ന് പാൽപ്പായസനിവേദ്യവും ഉണ്ണിയപ്പവും വാങ്ങി ഭഗവാന്റെ പിറന്നാൾ സദ്യയുണ്ട് സഹകരിക്കണമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, ചീഫ് കോർഡിനേറ്റർമാരായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ് എന്നിവർ അറിയിച്ചു.
നിരവധി പ്രത്യേകതകളും അപൂർവതകളും നിറഞ്ഞതാണ് ഈ ക്ഷേത്രം. ബകവധത്തിനുശേഷം അസഹനീയമായ വിശപ്പുമായി നിൽക്കുന്ന ബാലകൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചെറിയ സമയത്തേക്കുപോലും കൃഷ്ണന് വിശപ്പ് സഹിക്കാൻ കഴിയില്ലെന്നാണ് വിശ്വാസം. അതിനാൽ രാവിലെ ശ്രീകോവിൽ തുറക്കുമ്പോൾ മേൽശാന്തി കൈയിൽ നിവേദ്യവും കരുതാറുണ്ട്.
ഇവിടെ ശ്രീകൃഷ്ണന് രണ്ട് പിറന്നാളുകളാണ് ഉള്ളത്. അഷ്ടമിരോഹിണിക്കുപുറമേ മീനമാസത്തിലെ ചോതിയിലാണ് മറ്റാെരു പിറന്നാൾ ആഘോഷം. യോഗിക്ക് കൃഷ്ണൻ ദർശനം നൽകിയ ദിവസമാണ് മീനത്തിലെ ചോതി. ചോതിയൂട്ട് എന്നാണ് ചോതിനാളിലെ പിറന്നാൾ സദ്യയ്ക്ക് പറയുന്നത്.