"ഭാര്യ എന്റെ കൂടെയില്ല, അവർ അവരുടെ ശരികളുടെ കൂടെയാണിപ്പോൾ, ഞാൻ എന്റെ ശരികളുടെ കൂടെയും"
ബിഗ് ബോസ് സീസൺ 7ലെ മത്സരാർത്ഥിയായിരുന്നു മുൻഷി രഞ്ജിത്ത്. ആദ്യം പുറത്തായതും അദ്ദേഹമായിരുന്നു. തന്റെ കുടുംബത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻഷി രഞ്ജിത്ത്.
'പ്രണയമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. വിവാഹശേഷം കുറേ പണയം ഉണ്ടായിരുന്നു. വിവാഹം കഴിച്ചു. രണ്ട് കുട്ടികൾ. മകന്റെ പേര് ഭവജിത്ത്, മോളുടെ പേര് ഭാവ്യജിത്ത്. ഭാര്യയുടെ പേര് രശ്മി എന്നാണ്. ഭാര്യ ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന് എനിക്കറിയില്ല. അവർ തത്ക്കാലം എന്റെ കൂടെയില്ല. മോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
വിവാഹം കഴിഞ്ഞ് കുറേ വർഷങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. നിർഭാഗ്യവശാൽ അവർ അവരുടെ ശരികളുടെ കൂടെയാണിപ്പോൾ, ഞാൻ എന്റെ ശരികളുടെ കൂടെയും. ആരുടെ ശരിയാണ് യഥാർത്ഥ ശരിയെന്നത് എവിടെയോ കിടക്കുന്നു.'- മുൻഷി രഞ്ജിത്ത് പറഞ്ഞു. അച്ഛൻ പട്ടാളക്കാരനായിരുന്നു. വസ്ത്രങ്ങളും പഠിക്കാനുള്ള ഫീസുമെല്ലാം തരും. പക്ഷേ അതിനപ്പുറമുള്ള സന്തോഷമൊന്നുമില്ലായിരുന്നു. ബാല്യം നഷ്ടപ്പെട്ട മനുഷ്യനാണ് ഞാൻ. അങ്ങനെ ഒരു പത്തൊമ്പത് വയസായപ്പോൾ വീടുമായിട്ടുള്ള ബന്ധം കുറച്ചു. അന്നുമുതൽ ജോലി ചെയ്യാൻ തുടങ്ങി. അതിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയി. റേഡിയോ സർവീസിംഗ് സെന്റർ, ടെക്സ്‌റ്റെയിൽസ്, ഫുട്പാത്തിൽ കാസറ്റ് കച്ചവടം അങ്ങനെ ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. വീട്ടിൽ കയറിപ്പോകരുതെന്നായിരുന്നു അന്ന് അച്ഛൻ പറഞ്ഞത്. അന്ന് അതൊക്കെ ദ്രോഹമായിട്ട് തോന്നിയിട്ടുണ്ടെങ്കിലും എന്റെ ലൈഫിൽ ഡിസിപ്ലിൻ വീട്ടിൽ നിന്ന് കിട്ടിയതാണ്. പുള്ളി ഇപ്പോഴും ഫോളോ ചെയ്യുന്ന കാര്യങ്ങൾ നോക്കുമ്പോൾ എന്റെ അച്ഛൻ തന്നെയാണ് ഹീറോയെന്നും രഞ്ജിത്ത് വ്യക്തമാക്കി.