ഒരു ലക്ഷം ശമ്പളമായി വാങ്ങാം, ബിരുദം മാത്രം മതി; ബാങ്കുദ്യോഗസ്ഥരാകാൻ തയ്യാറായിക്കോളൂ

Saturday 13 September 2025 2:47 PM IST

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം. സ്‌പെഷില്യസ്​റ്റ് ഓഫീസർ തസ്തികയിലേക്ക് 127 ഒഴിവുകളാണ് വന്നിരിക്കുന്നത്. അടുത്ത മാസം മൂന്ന് വരെ അപേക്ഷിക്കാൻ അവസരമുണ്ട്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ,ബിടെക്, ബി ആർക്, എംഇ, എംടെക്, എംബിഎ,എംസിഎ, പിജിഡിസിഎ എന്നിവയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 24നും 40 ഇടയിൽ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. എസ് സി, എസ് ടി, ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവുണ്ട്. ഉദ്യോഗാർത്ഥികൾ ആദ്യഘട്ടമെന്ന നിലയിൽ ഓൺലൈൻ പരീക്ഷയുണ്ടായിരിക്കും. 100 മാർക്കിനായിരിക്കും പരീക്ഷ.

ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 35 ശതമാനം മാർക്കും സംവരണവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 30 ശതമാനം മാർക്കും ആവശ്യമാണ്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് പ്രത്യേക അഭിമുഖം ഉണ്ടായിരിക്കും. അവസാനഘട്ടമെന്ന നിലയിൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ ഉണ്ടായിരിക്കും. പരീക്ഷയിൽ നെഗ​റ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല. ജനറൽ, ഒബിസി,ഇഡബ്ലുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം 1000 രൂപയും എസ് സി,എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം 175 രൂപ ഫീസായി അടയ്‌ക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം തോറും 64,820 മുതൽ 93,960 രൂപ വരെ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്.