'ഞാൻ  നിങ്ങളോടൊപ്പമുണ്ട്'; കലാപം പൊട്ടിപുറപ്പെട്ട ശേഷം   ആദ്യമായി  മണിപ്പൂർ സന്ദർശിച്ച് പ്രധാനമന്ത്രി

Saturday 13 September 2025 4:02 PM IST

ഇംഫാൽ: മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുരാചന്ദ്‌പൂർ ജില്ലയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയ കലാപം പൊട്ടിപുറപ്പെട്ട ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണ്.

'മണിപ്പൂർ പ്രകൃതിയുടെ സമ്മാനമാണ്. ഇവിടത്തെ കുന്നുകൾ രാജ്യത്തിനുലഭിച്ച അതുല്യമായ സമ്മാനമാണ്. കനത്ത മഴയിലും പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്തിയവരോട് നന്ദിയുണ്ട്. മണിപ്പൂർ ധീരന്മാരുടെ നാടാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ ഞാൻ വണങ്ങുന്നു. ഈ മനോഹരമായ സ്ഥലത്തെ അക്രമം വിഴുങ്ങി. എന്നാൽ പുതിയ പ്രഭാതം ആരംഭിക്കാൻ പോകുന്നു.

ആളുകൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കും. ഞാൻ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്രസർക്കാർ നിങ്ങളോടൊപ്പമുണ്ട്. മണിപ്പൂർ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'- മോദി പറഞ്ഞു.

മണിപ്പൂരിൽ മോദി കലാപബാധിതരെ കാണും. കുക്കി മേഖലയായ ചുരാചന്ദ്പൂരിലും മെയ്‌തികളുടെ കേന്ദ്രമായ ഇംഫാലിലുമെത്തുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചുരാചന്ദ്പൂരിൽ 7,300 കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുമെന്നും ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നുമാണ് വിവരം. വൈകിട്ടോടെ അസാമിലേക്ക് പോകും. മോദി മണിപ്പൂ‌രിൽ എത്താത്തതിൽ പ്രതിപക്ഷ പാർട്ടികൾ നിരന്തരം വിമർശനമുന്നയിക്കുന്നതിനിടെയാണ് സന്ദർശനം. മണിപ്പൂർ കൂടാതെ 15 വരെ മിസോറം, അസാം, ബംഗാൾ, ബീഹാർ സംസ്ഥാനങ്ങളും മോദി സന്ദർശിക്കും. മോദി എത്തുന്നതിന് തൊട്ടുമുമ്പ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മണിപ്പൂരിൽ അതീവ ജാഗ്രത തുടരുകയാണ്. കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.