മോദിയുടെ അമ്മയെ കഥാപാത്രമാക്കിയുളള എഐ വീഡിയോ, കോൺഗ്രസിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി ബിജെപി. പുറത്തുവന്ന വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്ത നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വോട്ടിനുവേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ നരേന്ദ്രമോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
ബീഹാറിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദം. വീഡിയോയിൽ, മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഇതുകേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ആസൂത്രണം ചെയ്ത വീഡിയോയാണിതെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം, പ്രധാനമന്ത്രി മോദിയുടെ പരേതയായ അമ്മയെ കോണ്‍ഗ്രസ് പരിഹസിച്ചു. ഒരു പാര്‍ട്ടി ഇത്രയും തരംതാഴ്ന്നത് കാണുന്നത് വേദനാജനകമാണ്. കോണ്‍ഗ്രസ് സ്ത്രീവിരുദ്ധമാണ്'- അദ്ദേഹം എക്‌സിൽ കുറിച്ചു.