അനുരാഗിന്റെ നിയമനം

Sunday 14 September 2025 3:33 AM IST

കാലങ്ങൾ മാറുമ്പോൾ പല ദുരാചാരങ്ങളും മാറിവരും. ക്ഷേത്രങ്ങളിൽ അവർണ വിഭാഗക്കാരെ പഴയ കാലത്ത് പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിന് പുറത്തുള്ള വഴികളിലൂടെ നടക്കാൻ പോലും അനുവദിക്കില്ലായിരുന്നു. ക്ഷേത്രബിംബം അവർണർ പ്രവേശിച്ച് പ്രാർത്ഥിച്ചാൽ അശുദ്ധമാകും എന്ന ജാതിവാദമാണ് അന്ന് ക്ഷേത്രങ്ങളെ നിയന്ത്രിച്ചിരുന്നവരും നാട് ഭരിച്ചിരുന്നവരും ഇതിനുള്ള ന്യായമായി പറഞ്ഞിരുന്നത്. ക്ഷേത്രപ്രവേശന വിളംബരം വരുന്നതിന് മുമ്പ് തന്നെ ഗുരുദേവനോട് ഇതുസംബന്ധിച്ച് ബോധിപ്പിച്ചവരോട് നിങ്ങൾ എതിർപ്പുകൾ വകവയ്ക്കാതെ ബലമായി കയറണം എന്നല്ല ഗുരുദേവൻ പറഞ്ഞത്. നിങ്ങൾ നിങ്ങളുടേതായ ക്ഷേത്രങ്ങൾ സ്ഥാപിക്കുക, അവിടെ വിധിപ്രകാരമുള്ള പൂജ പഠിച്ച് നിങ്ങൾ തന്നെ ചെയ്യുക. അങ്ങനെ നിങ്ങൾക്ക് നിങ്ങളുടേതായ ആരാധനാലയങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കുവാൻ എല്ലാവരും നിർബന്ധിതരാകും എന്നാണ് ഗുരു ഉപദേശിച്ചത്. ക്ഷേത്ര പ്രതിഷ്ഠകൾ നടത്തിക്കൊണ്ട് ഗുരുദേവൻ അതിന് തുടക്കം കുറിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായാണ് ക്ഷേത്രപ്രവേശന വിളംബരമൊക്കെ ഉണ്ടാകുന്നത്.

അവർണരെ തടഞ്ഞവരെ പ്രക്ഷോഭത്തിലൂടെ പ്രത്യക്ഷമായി എതിർക്കാതെ മാനസികമായി പരാജയപ്പെടുത്തുകയായിരുന്നു ഗുരുദേവൻ. കേരളത്തിലും ജനസംഖ്യയിൽ കൂടുതൽ അവർണരാണ്. അവരൊന്നും പ്രധാന ക്ഷേത്രങ്ങളിൽ കയറാതിരുന്നാൽ കാലക്രമത്തിൽ എണ്ണ വാങ്ങിക്കാൻ പോലും അവിടെ പണമില്ലാതാകും. ഇന്നിപ്പോൾ ജാതിയുടെ പേരിൽ ഒരു ഹിന്ദുവിനെയും ഒരു ഹൈന്ദവ ക്ഷേത്രത്തിലും ആരും തടയാറില്ല. അതു നടക്കത്തുമില്ല. കാലം വരുത്തിയ മാറ്റമാണത്. അവർണർ പ്രവേശിച്ചതിന്റെ പേരിൽ ഭഗവാൻ ഖിന്നനാണ് എന്ന് ഒരു ദേവപ്രശ്നത്തിലും ആരും പറയാറുമില്ല. ക്ഷേത്രങ്ങളുടെ വരുമാനവും നടത്തിപ്പുമെല്ലാം മെച്ചപ്പെട്ടതും മേൽക്കുമേൽ പുരോഗതി സംഭവിച്ചതും എല്ലാവരും ഒരുപോലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ തുടങ്ങിയതിന് ശേഷമാണ് എന്നത് പകൽ പോലെ ഇന്ന് വ്യക്തവുമാണ്. വിധി പ്രകാരം പൂജാദിവിധികൾ അഭ്യസിച്ചാൽപോലും അവർണർ പൂജിച്ചാൽ ദേവൻ തൃപ്തിപ്പെടില്ല എന്നൊരു പ്രചാരണം ഇന്നും സമൂഹത്തിൽ നിന്ന് വേരറുക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

ഇതൊക്കെ ഭഗവാന്റെ ഇഷ്ടവും അനിഷ്ടവുമൊക്കെ മനുഷ്യർ തീരുമാനിച്ച് പ്രഖ്യാപിക്കുമ്പോഴുള്ള പ്രശ്നമാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ ഇടയ്ക്കിടെ പൊങ്ങിവരാറുണ്ട്. 'കൂടൽമാണിക്യം ജാതിഭ്രാന്തിന്റെ കൂടാരം" എന്ന തലക്കെട്ടിൽ ഞങ്ങളുടെ ലേഖകൻ ടി.കെ. സുനിൽകുമാർ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇപ്പോൾ ഹൈക്കോടതിയുടെ വരെ ഇടപെടലിന് ഇടയാക്കിയിരിക്കുന്ന കേസിന് നിദാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ഈഴവ സമുദായാംഗമായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസം ഹൈക്കോടതിയുടെ ഉത്തരവിലൂടെ നീങ്ങിയിരിക്കുകയാണ്. ക്ഷേത്രത്തിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച ആദ്യ റാങ്കുകാരൻ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലു ജാതിഭ്രാന്തിന്റെ രൂക്ഷതയാൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് അനുരാഗിന് അവസരം ലഭിച്ചത്.

നിർദ്ധന കുടുംബാംഗമായ കളവംകോട് സ്വദേശിയായ ഈ ചെറുപ്പക്കാരന് ജോലി അനിവാര്യമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ബി.കോം ബിരുദധാരി കൂടിയായ ഈ ഇരുപത്തിമൂന്നുകാരൻ. അഡ്വൈസ് മെമ്മോ വന്നെങ്കിലും നിയമന ഉത്തരവ് വച്ചുതാമസിപ്പിച്ച് നിയമനത്തിന് സ്റ്റേ ലഭിക്കാൻ ദേവസ്വം ഉന്നതർ ശ്രമിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയാണ് കിട്ടിയത്. അനുരാഗിന്റെ ജോലിയിൽ പ്രവേശനത്തിന് ഇനിയും ചില്ലറ തടസങ്ങൾ കൂടി മാറാനുണ്ട്. തുരുമ്പുപിടിച്ച ദുരാചാരങ്ങളിൽ മുറുകെ പിടിക്കാതെ അനുരാഗിന് നിയമനം നൽകാനുള്ള വിവേകം തന്ത്രിമാർ പുലർത്തുമെന്ന് പ്രതീക്ഷിക്കാം.