ഇന്ന് ശ്രീകൃഷ്ണ ജയന്തി, ധർമ്മാനുഷ്ഠാനത്തിന്റെ ഗിരിശൃംഗത്തിലേക്ക്
ചന്ദ്രോദയത്തെ തുടർന്ന് രോഹിണി വന്നെത്തുന്ന പുണ്യമുഹൂർത്തമാണ് ശ്രീകൃഷ്ണാഷ്ടമി. മനുഷ്യസമൂഹത്തിന്റെ ധാർമ്മിക ഉന്നതിക്കായി അവതാരമെടുത്ത ശ്രീകൃഷ്ണന്റെ ജയന്തിദിനം ഒരു യുഗാരംഭം കൂടിയാണ്. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നുള്ള ദർശനത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ട്. യവനസഞ്ചാരിയായ മെഗസ്തനീസിന്റെ കാലത്തുപോലും ഈ മഹനീയ സങ്കല്പത്തിന് പ്രചാരം ലഭിച്ചിരുന്നു. മെക്രീൻസിൻ എന്ന പാശ്ചാത്യ ചരിത്രകാരൻ ഈ അതിമനോഹര ആചരണത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. വിഖ്യാത ചരിത്ര ഗവേഷകനായ ടോഡ് തന്റെ പ്രസിദ്ധമായ ചരിത്രഗ്രന്ഥത്തിലും ഈ ദൗത്യം ഭംഗ്യന്തരേണ നിർവഹിച്ചിരിക്കുന്നു.
ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായ ചൈതന്യ മഹാപ്രഭു ഗോവിന്ദദാസ്, ജ്ഞാനദാസ്, കേതകദാസ് തുടങ്ങിയ ബംഗാളി കവികൾ രചിച്ചിട്ടുള്ള കാവ്യങ്ങളെല്ലാം ശ്രീകൃഷ്ണനെ ആരാധിച്ചുകൊണ്ടും പ്രകീർത്തിച്ചുകൊണ്ടും ഉള്ളതാണ്. വേദ, വേദാന്ത സത്യങ്ങളുടെ മൂർത്തിമദ്ഭാവമായ ശ്രീകൃഷ്ണന്റെ ജീവിതലീലകളെ അമൃതപൂർണമാക്കുന്ന ശ്രീകൃഷ്ണകഥ ലോകമെങ്ങും ഭാരതീയരും വിദേശികളുമായവർ ഇത്രയും കാലത്തിനു ശേഷവും അന്യൂനമായി ആഘോഷിക്കണമെങ്കിൽ അതിന്റെ ആദ്ധ്യാത്മികമായ ശക്തിയും ഹൃദയാർദ്രപൂർണമായ സ്വാധീന ശേഷിയും കാരുണ്യപൂർണമായ സ്പർശവും ഒന്നു വേറെതന്നെയാണ്!
പൂതനയുടെയും തൃണാവർത്തന്റെയും അന്ത്യം കുറിച്ച ശിശുവിനെ കാണാനെത്തിയ യാദവ ഗുരുവായ ഗർഗൻ എന്ന മഹർഷി, അത്ഭുത ശിശുവിനെ കണ്ട് ധ്യാനനിരതനാവുകയും ശിശുവിന്റെ പൂർവ, വർത്തമാന, ഭാവി കാര്യങ്ങളെ യശോദയ്ക്കും നന്ദഗോപർക്കും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ശിശുവിന് 'സർവം കരോതി കൃഷ്ണ" എന്ന് അർത്ഥം വരുന്ന, എല്ലാം സാധിച്ചുതരുന്നവനായ, എല്ലാ ആസുരതകളെയും നിഗ്രഹിക്കുന്നവനായ 'കൃഷ്ണൻ" എന്ന് നാമകരണം നൽകി. ബ്രഹ്മവൈവർത്ത പുരാണമനുസരിച്ച് വിശ്വചൈതന്യമാണ് ശ്രീകൃഷ്ണൻ.
ആനന്ദചിന്മയനായ ഗോപികാ രമണനായും, ഗോകുല ബാലകരെ രക്ഷിക്കുവാൻ ഗോവർദ്ധനത്തെ കുടയായി ചൂടിയ ഗോപാല ബാലകനായും, കാളിയ മർദ്ദകനായും, പിന്നീട് പാണ്ഡവ നീതിക്കു വേണ്ടി കൗരവർക്കു മുന്നിലെ സമാധാന ദൂതനായും, കുരുക്ഷേത്രത്തിൽ പാർത്ഥസാരഥിയായും, അസുരകുലത്തിന്റെ നിഗ്രഹകനായുമെല്ലാം നിറഞ്ഞ ശ്രീകൃഷ്ണൻ, പ്രപഞ്ചത്തിന്റെ സമാധാനം നിലനിറുത്തുന്നതിനു വേണ്ടി കൈക്കൊണ്ട അവതാരമാണ്. കംസന്റെ കാരാഗൃഹത്തിൽ നിന്ന് വസുദേവർ സാഹസികമായി യമുനാനദി കടന്ന് യശോദയെ ഏല്പിക്കുകയും യാദവകുലനാഥനായി, ഗോവർദ്ധന ഗിരിധാരിയായി, അമ്പാടിക്കണ്ണനായി, യമുനാ തീരവിഹാരിയായി വളർന്ന കണ്ണൻ ഭഗവാൻ ശ്രീകൃഷ്ണൻ പൂർണാനുഗ്രഹദായകനായി, പൂർണാവതാരമായി പരംപൊരുളായി, പരമപുരുഷനായി വേദ പുരാണേതിഹാസങ്ങളും മനുഷ്യകുലവും ദേവകളുമെല്ലാം പ്രകീർത്തിച്ചു. കാലമേറെക്കഴിഞ്ഞിട്ടും ആ ആരാധനാമാധുരി അഭംഗുരം തുടർന്നുകൊണ്ടേയിരിക്കുന്നു!
'അങ്ങ് പരബ്രഹ്മവും പരമമായ ധർമ്മവും അതിപരിശുദ്ധമായ വസ്തുവുമാകുന്നു. സകല ഋഷീശ്വരന്മാരും നിന്തിരുവടിയെ നിത്യനെന്നും പ്രകാശരൂപനെന്നും ദേവന്മാർക്കു കൂടി അതിരൂപനെന്നും, അനന്യരഹിതനെന്നും സർവവ്യാപിയെന്നും ആദിപുരുഷനെന്നും പറയുന്നു. മാത്രമല്ല, ദേവർഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറഞ്ഞിട്ടുമുണ്ട്..." എന്നിങ്ങനെ അർജ്ജുനൻ ഭഗവാൻ ശ്രീകൃഷ്ണനോട് പറയുന്നതുതന്നെ നോക്കുക. ഭാരതത്തിൽ എത്രയോ കാലം മുമ്പേ തന്നെ ഭഗവാൻ ശ്രീകൃഷ്ണനെ കേന്ദ്രീകരിച്ച് വിശിഷ്ടമായ 'കൃഷ്ണഭക്തി സാഹിത്യം" രൂപപ്പെട്ടിട്ടുണ്ട്. മഹാഭാരതം, ഹരിവംശ പുരാണം, ശ്രീമദ് ഭാഗവതം, പുരാണങ്ങൾ, തമിഴിലെ ആഴ്വാർ കൃതികൾ എന്നിവയിലെല്ലാം ഓരോ തരത്തിൽ കൃഷ്ണലീലകൾ വർണിച്ചിട്ടുണ്ട്. ജയദേവ കവിയുടെ 'ഗീതഗോവിന്ദ"വും വിദ്യാപതിയുടെ പദാവലികളും ശ്രീകൃഷ്ണന്റെയും രാധയുടെയും ഭക്തിശൃംഗാര രസപൂർണമായ വാങ്മയ സൗന്ദര്യങ്ങളാണ്.
ശ്രീകൃഷ്ണാഷ്ടമി ദിനം യഥാവിധിയുള്ള വ്രതധാരണാ ദിനമാണ്. അത് നമുക്ക് ശാന്തിയും ക്ഷേമവും പ്രദാനം ചെയ്യുന്നു. മനുഷ്യ ജീവിതത്തിൽ അടിഞ്ഞുകൂടുന്ന പാപഭാരങ്ങളുടെ പരിഹാരാർത്ഥം സകലവിധ സുഖഭോഗങ്ങളിൽ നിന്നും വേർപെട്ട് ഈശ്വരപ്രീതിക്കായി പ്രാർത്ഥിക്കുന്നു. ഭൗതികാന്ധതയിൽ നിന്ന് ഹൃദയശുദ്ധിയുടെ ആദ്ധ്യാത്മിക പ്രചുരിമയിലേക്ക് നമ്മെ നയിക്കുന്ന പ്രചോദിത മുഹൂർത്തം- അതാണ് അഷ്ടമിയും രോഹിണിയും ചേർന്നുള്ള ഈ പുണ്യമുഹൂർത്തം.
ജീവിതത്തിലെ അപചയങ്ങളെ ധാർമ്മികമായി നേരിടുവാനും തനതായ ആത്മസത്തയെ അഹന്തകൊണ്ട് നശിപ്പിക്കാതിരിക്കുവാനും ആപത്തിൽപ്പെട്ട് ഉഴലുന്ന ലോകജനതയ്ക്ക് ഉറ്റബന്ധുവായി നിൽക്കുവാനും ശ്രീകൃഷ്ണാവതാരം നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ കഥ കാലാതിവർത്തിയായ തത്വോപദേശ വാഹിനിയും, മനുഷ്യരഞ്ജനത്തിന്റെ നിത്യസന്ദേശ സാരള്യവുമായി ദശാകാല പരിധികളില്ലാതെ പ്രകീർത്തിക്കപ്പെടുന്നു.