ജയിലർ 2വിൽ രാജേഷ് മാധവനും
രജനികാന്ത്, നെൽസൻ ചിത്രം ജയിലർ 2 വിൽ മലയാളിതാരം രാജേഷ് മാധവനും. രാജേഷ് മാധവന്റെ തമിഴ് അരങ്ങേറ്റം ആണ് ജയിലർ 2. മഹേഷിന്റെ പ്രതികാരത്തിൽ 'കണ്ണേറ് " സീനിലൂടെയാണ് രാജേഷ് മാധവനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണിപത്മിനി ആണ് ആദ്യ ചിത്രം. അസിസന്റ് ഡയറക്ടറായി സിനിമയിലേക്ക് വന്ന രാജേഷ് മാധവൻ ന്നാ താൻ കേസ് കൊട് ,കനകം കാമിനി കലഹം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ , മദനോത്സവം, തിങ്കളാഴ്ച നിശ്ചയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ചു. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, ധീരൻ എന്നീ ചിത്രങ്ങളിൽ നായകനായി തിളങ്ങിയ രാജേഷ് മാധവൻ പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനായി. ചിത്രീകരണം പൂർത്തിയായ പെണ്ണും പൊറാട്ടും റിലീസിന് ഒരുങ്ങുകയാണ്. അതേസമയം കന്നട സൂപ്പർ താരം ശിവരാജ് കുമാർ ജയിലർ 2 വിൽ ജോയിൻ ചെയ്തു. രജനികാന്തും ശിവരാജ് കുമാറും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുന്നത്. മലയാള താരങ്ങളുടെ നീണ്ടനിര അണിനിരക്കുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, ഷംന കാസിം എന്നിവരാണ് മലയാളി താരങ്ങൾ. അതേസമയം ജയിലർ 2 വിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായിട്ടില്ല. തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ ആണ് പുതിയ അതിഥി. ബോളിവുഡിൽനിന്ന് ജാക്കി ഷറോഫും അണിനിരക്കുന്നു. രമ്യകൃഷ്ണൻ, മിർണ മേനോൻ, യോഗിബാബു, വസന്ത്, സുനിൽ, വി.ടി.വി ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ. അനിരുദ്ധ് രവിചന്ദർ തന്നെയാണ് സംഗീതം. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ. എഡിറ്റിംഗ് ആർ. നിർമൽ. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.