കമൽഹാസന് ശ്യാം പുഷ്കരന്റെ തിരക്കഥ
ദേശീയ പുരസ്കാര ജേതാവ് കൂടിയായ ശ്യാം പുഷ്കരൻ ആദ്യമായി തമിഴിൽ
കമൽഹാസനെ നായകനാക്കി ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കൊറിയോഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് ശ്യാം പുഷ്കരന്റെ തിരക്കഥ. കമൽഹാസന്റെ 2347-ാം ചിത്രത്തിലൂടെ ശ്യാം പുഷ്കരൻ ആദ്യമായി തമിഴിൽ എത്തുന്നു.
ദിലീഷ് നായരോടൊപ്പം സോൾട്ട് ആന്റ് പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് ശ്യാം പുഷ്കരൻ സിനിമാലോകത്ത് എത്തുന്നത്.
2016 ൽ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കി. ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ളാസ് ഹീറോ എന്ന നിർമ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ളബ് തുടങ്ങിയവയാണ് തിരക്കഥ എഴുതിയ മറ്റു ചിത്രങ്ങൾ. പ്രേമലു സിനിമിൽ പമ്പാവാസൻ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പൂർണമായും ആക്ഷൻ പശ്ചാത്തലത്തിലാണ് കമൽഹാസൻ ചിത്രം. അതേസമയം കൂലി, കെ.ജി.എഫ്, ലിയോ, വിക്രം, കൈതി, കബാലി, സലാർ, ആർ.ഡി. എക്സ് തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് അൻപറിവ് സഹോദരൻമാർ സംഘട്ടനം ഒരുക്കിയിട്ടുണ്ട്.
വിക്രത്തിനുശേഷം കമൽഹാസനുമായി കൈകോർക്കുമ്പോൾ തിരക്കഥാകൃത്തായി ശ്യാംപുഷ്കരനും ഭാഗമാകുന്നതിനാൽ ആരാധകർ ഏറെ ആകാംക്ഷയിലാണ്.