പനച്ചിക്കാട് നവരാത്രി മഹോത്സവം 18 മുതൽ
കോട്ടയം : പനച്ചിക്കാട് ദക്ഷിണമുകാംബികയിലെ നവരാത്രി മഹോത്സവം 18 മുതൽ ഒക്ടോബർ 2 വരെ നടക്കും. സംഗീതവും, നൃത്തവും, കഥകളിയും തുടങ്ങി ക്ഷേത്രകലകളുടെയും ആരാധനയുടെയും അനുഷ്‌ഠാനങ്ങളുടെയും 15 ദിനരാത്രങ്ങൾ ഇനി പനച്ചിക്കാടിന് ഉത്സവം. കലോപാസകരുടെ എണ്ണത്തിലുള്ള വർദ്ധനകണക്കിലെടുത്ത് 4 ദിവസംകൂടി ഉത്സവദിനം വർദ്ധി പ്പിക്കാൻ ദേവസ്വം തീരുമാനിച്ചതിനാൽ 1800 ൽപ്പരം കലാകാരന്മാർക്ക് പരിപാടി അവതരിപ്പിക്കാനാകും. 18 ന് രാവിലെ 8 ന് കലോപാസനയുടെയും 22 ന് രാത്രി 7 ന് ദേശീയ സംഗീത നൃത്തോത്സവത്തിന്റെയും ദീപപ്രകാശനം. 29 ന് വൈകിട്ട് 6.30 ന് ഗ്രന്ഥം എഴുന്നള്ളത്ത്, പൂജവയ്‌പ്. 30 ന് ദുർഗാഷ്‌ടമി, ഒക്ടോബർ 1 ന് മഹാനവമി ദർശനം, ഒക്ടോബർ 2 ന് വിജയദശമി ദിനത്തിൽ രാവിലെ 4 ന് പൂജയെടുപ്പ്, വിദ്യാരംഭം. മുറജപം, പുരുഷ സൂക്താർച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്‌താർച്ചന തുടങ്ങിയ ചടങ്ങുകൾക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.