നാവായിക്കുളത്തെ പൊതുകുളങ്ങൾ വീണ്ടും മലിനം
അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും നിർജ്ജീവം
കല്ലമ്പലം: ഒരു വർഷത്തിനു മുൻപ് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത നാവായിക്കുളം പഞ്ചായത്തിലെ പൊതുകുളങ്ങൾ പായലും മാലിന്യവും നിറഞ്ഞ് മലിനമായ അവസ്ഥയിൽ. കുളങ്ങളിലിറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ മാസങ്ങൾക്ക് മുൻപ് സ്ഥാപിക്കുകയും ചില കുളങ്ങൾ കമ്പിവേലി കെട്ടി അടയ്ക്കുകയും, പഞ്ചായത്തിന്റെ നിരീക്ഷണത്തിലാകുകയും ചെയ്തതോടെയാണ് കുളങ്ങൾ നശിക്കാൻ തുടങ്ങിയത്. കൃത്യമായ ഇടവേളകളിൽ കുളങ്ങൾ വൃത്തിയാക്കി ക്ലോറിനേഷൻ ചെയ്യേണ്ടതുണ്ട്. അതുണ്ടാകാതിരുന്നതിനാൽ നിലവിൽ മാലിന്യം നിറഞ്ഞ് നാലുചുറ്റും കാടുകൾ വളർന്നിരിക്കുകയാണ്.
വേനലിൽ ജലക്ഷാമം രൂക്ഷം
നാവായിക്കുളം പഞ്ചായത്തിൽ ചെറുതും വലുതുമായി 150ഓളം കുളങ്ങളും നീരുറവകളുമാണുള്ളത്. ഇത് മുഴുവൻ ശരിയായ രീതിയിൽ സംരക്ഷിക്കപ്പെട്ടാൽ വേനൽ സമയത്ത് പഞ്ചായത്തിലെ ജലദൗർലഭ്യത്തിന് പരിഹാരമാകും. മുല്ലനല്ലൂരിലെ ഉപയോഗയോഗ്യമായിരുന്ന ക്ഷേത്രക്കുളവുമിന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാർക്ക് കൃഷിക്കും പ്രയോജനകരമല്ലാത്ത നിലയിലാണിന്ന് കുളം. വേനലിൽ പ്രദേശത്ത് ജലക്ഷാമവും രൂക്ഷമാണ്. കുളം വൃത്തിയാക്കിയാൽ ഗാർഹികേതര ആവശ്യങ്ങൾക്ക് ഇതിലെ ജലം ഉപയോഗിക്കാനാവും. ജലസേചന സംവിധാനമുണ്ടെങ്കിൽ പച്ചക്കറി കൃഷിക്കും ഉപയോഗിക്കാം.
ബോധവത്കരണവും
ശുചീകരണവും അത്യാവശ്യം
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനാലും കഴിഞ്ഞ വർഷം ഒന്നിലധികം പേർക്ക് നാവായിക്കുളം പഞ്ചായത്തിൽ രോഗം ബാധിച്ചതിനാലും പഞ്ചായത്തിലുടനീളം ബോധവത്കരണവും ജലാശയങ്ങൾ കേന്ദ്രീകരിച്ച് ക്ലോറിനേഷനും ശുചീകരണവും നടത്തേണ്ടതുണ്ട്. 2024 ആഗസ്റ്റ് 10ന് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇടമൺനില പോരേടം മുക്ക് സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് ജില്ലയിലെയും സംസ്ഥാനത്തെയും ആദ്യ കേസ്. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.