അന്താരാഷ്ട്ര കണ്ടെയ്നർ നീക്കം ട്രയൽ റൺ നവംബറിൽ
തുടർച്ചയായി ചരക്കു നീക്കം ഡിസംബർ മുതൽ
വിഴിഞ്ഞം: അന്താരാഷ്ട്ര കരമാർഗ്ഗം കണ്ടെയ്നർ നീക്കത്തിന്റെ ട്രയൽ റൺ നവംബറിൽ ആരംഭിക്കും. ഡിസംബർ മുതൽ തുടർച്ചയായി ചരക്കുനീക്കം നടക്കും. അഭ്യന്തര കയറ്റിറക്കുമതിക്കായി കസ്റ്റംസ് (എക്സിം)അനുമതി ലഭിച്ചതിനാൽ ഇനി റോഡ് മാത്രം തുറന്നാൽ മതിയാകും. തുറമുഖ കവാടത്തിൽ നിന്നും കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്ന നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിലാണ്. ഡിസംബറിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. പണി പൂർത്തിയായാൽ രണ്ടു മാസത്തിനുള്ളിൽ തിരുവനന്തപുരം ഭാഗത്തേക്ക് കണ്ടെയ്‌നർ ലോറികൾ കടന്നുപോകുമെന്നു നിർമാണ കരാറുകാരായ മുംബയ് പൂനം കൺട്രക്ഷൻ കമ്പനി അധികൃതർ പറഞ്ഞു. 80 ശതമാനത്തിലേറെ നിർമാണം പൂർത്തിയായ പാതയുടെ അവസാനവട്ട ജോലികളാണ് പുരോഗമിക്കുന്നത്. ഓണത്തിന് ഇതുവഴി ചരക്കുനീക്കം നടക്കുമെന്ന് അറിയിച്ചെങ്കിലും റോഡുപണി നീണ്ടുപോയിരുന്നു.
അപകട സാദ്ധ്യത ഒഴിവാക്കും
തുറമുഖ കവാടത്തിൽ നിന്ന് ബൈപാസ് വരെ ഏകദേശം1.7 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് റോഡ്. തലക്കോട് ഭാഗത്ത് ഇടത്തേക്കും അടിപ്പാത മാർഗത്തിലൂടെ വലത്തേക്കും പോകുന്ന രീതിയിലാണ് നിർമ്മാണം. ഇതിൽ നഗരത്തിലേക്കുള്ള റോഡാണ് ആദ്യം പൂർത്തിയാകുന്നത്. തലക്കോട് ഭാഗത്തുനിന്ന് ഇടതു വശത്തുകൂടെയുള്ള റോഡ് 400 മീറ്ററോളം ദൂരം സർവീസ് റോഡുവഴി സഞ്ചരിച്ചാൽ ബൈപാസിൽ പ്രവേശിക്കും. ഇവിടെ അപകട സാദ്ധ്യതയൊഴിവാക്കാൻ കന്യാകുമാരി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് ചെറിയ ഹംപുൾപ്പെടെ സുരക്ഷാസംവിധാനം സജ്ജമാക്കും. ഇതിനു ശേഷമാകും കന്യാകുമാരി ഭാഗത്തേക്കുള്ള റോഡ് നിർമ്മാണം. ഇവിടെ ക്ലോവർ ലീഫ് മാതൃകയിലാണ് റോഡ് നിർമ്മിക്കുന്നത്. ഇപ്പോൾ നിർമ്മിക്കുന്നത് താത്കാലിക റോഡ് മാത്രമാണ്. അഞ്ചേക്കറോളം ഭൂമി ഏറ്റെടുത്ത് നിർമ്മാണം തുടരുംവരെ ഈ താത്കാലിക റോഡ് വഴിയാകും ചരക്കുനീക്കം.
ക്ലോവർ ലീഫ് മാതൃക
നാലു വളയങ്ങൾ പരസ്‌പരം ചേർന്ന രൂപമാണ് ക്ലോവർ ലീഫ്. കേരളത്തിൽ ആദ്യത്തേതാണ് വിഴിഞ്ഞത്ത് വരുന്നത്. തുറമുഖത്തുനിന്നുള്ള റോഡിനെ ബൈപ്പാസുമായും നിർദ്ദിഷ്ട ഔട്ടർറിംഗ് റോഡുമായും ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം.