ചാൽ ബീച്ച് ഫെസ്റ്റ് അഴിമതി അന്വേഷിക്കണം

Saturday 13 September 2025 9:17 PM IST

കണ്ണൂർ:വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് ചാൽ ബീച്ചിലെ ഫെസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

വർഷങ്ങളായി ടെൻഡർ പോലും വിളിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുള്ള ഫെസ്റ്റിന്റെ നടത്തിപ്പ് സി.പി.എം നിയന്ത്രണത്തിൽ തട്ടിക്കുട്ടിയുണ്ടാക്കിയ സൊസൈറ്റിക്കാണ് നൽകി വരുന്നത്. കുടുംബശ്രീ മുഖേന നടത്തി വന്നിരുന്ന ഫെസ്റ്റ് ഇപ്പോൾ കുടുംബശ്രീയുമായി ബന്ധമില്ലാത്ത ചില സംഘങ്ങളാണ് നടത്തുന്നത്. ഡി.ടി.പി.സി. അധികൃതരും സ്ഥലം എം.എൽ.എ. ഉൾപ്പെടെയുള്ള ചില സി.പി.എം. നേതാക്കളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് നഗ്നമായ ഈ നിയമ ലംഘനം. മാത്രവുമല്ല ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് ഇവിടെ സ്ഥിരം സ്റ്റാളുകൾ സ്ഥാപിച്ച് ഈ സംഘം വ്യാപാരം നടത്തി വരികയാണെന്നും അബ്ദുൽ കരീം ചേലേരി ആരോപിച്ചു.