കേളകത്ത് കടകളിൽ മോഷണം
Saturday 13 September 2025 9:21 PM IST
കേളകം:കേളകം അടക്കാത്തോട് റോഡിലെ മൂന്ന് കടകളിൽ മോഷണം. അടക്കാത്തോട് റോഡിലെ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പി.കെ.സിമന്റ് പ്രൊഡക്ട്സിലെ ഇരുമ്പു കട്ട, വിവിധ തരം അച്ചുകൾ എന്നിവ മോഷണം പോയി. ജനൽ, വാതിൽ എന്നിവ നിർമ്മിക്കാനുള്ള അച്ചുകളാണ് മോഷണം പോയത്. ഞായറാഴ്ചയ്ക്ക് ശേഷം ഇത്തരം പണിയിൽ ഏർപ്പെട്ടിരുന്നില്ല.വ്യാഴാഴ്ച കട തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടതെന്നും നഷ്ടപ്പെട്ട സാധനങ്ങളുടെ വില ഇരുപതിനായിരത്തോളം വരുമെന്നും ചന്ദ്രന്റെ മകൻ പറഞ്ഞു.മറ്റു കടകളിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. തൊട്ടടുത്തുള്ള വർക് ഷോപ്പിൽ നിന്നും പതിനഞ്ചായിരം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി കട ഉടമ പ്രസാദ് പറഞ്ഞു. തൊട്ടടുത്തുള്ള തട്ടപ്പറമ്പിൽ ഹാർഡ് വേർസിൽ നിന്നും ഒരു ടണ്ണോളം ഇരുമ്പ് സാധനങ്ങൾ മോഷണം പോയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.