പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമം; അടക്കണോ അടുക്കള
കണ്ണൂർ:ബുക്ക് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പാചക വാതക സിലിണ്ടറുകൾ കിട്ടാതെ പ്രതിസന്ധിയിലായി ഉപഭോക്താക്കൾ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 12 ദിവസത്തിലേറെയായി സിലിണ്ടറുകൾ എത്തിയിട്ട്.മലബാറിലെ ജില്ലകളിലെല്ലാം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാചകവാതക വിതരണം പ്രതിസന്ധിയിലാണ്.ഈ മാസം ഒന്നിന് ബുക്ക് ചെയ്തവർക്ക് പോലും ഇതുവരെ ഗ്യാസ് സിലണ്ടറുകൾ ലഭിച്ചിട്ടില്ല.
ആറ് ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യുമെന്നാണ് ഗ്യാസ് ഏജൻസികൾ നൽകിയ ഉറപ്പ്. പത്തു ദിവസത്തിലേറെയായി സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഗ്യാസ് ഏജൻസി ജീവനക്കാരും ഇതോടെ വെട്ടിലായിരിക്കുകയാണ്.ബുക്ക് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടർ ലഭിക്കാത്ത ആളുകൾ ഏജൻസി ജീവനക്കാരോട് തട്ടിക്കയറുന്നതും പതിവാണ്. ഡിപ്പോയിൽ നിന്നും സിലിണ്ടറുകൾ എത്തുന്നില്ലെന്നാണ് ഏജൻസി ജീവനക്കാർ പറയുന്നത്.സമീപകാലത്തൊന്നും സിലിണ്ടറുകൾക്ക് ഇത്തരത്തിൽ കാലതാമസം വന്നിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
കോഴിക്കോട് പ്ളാന്റിൽ നിന്നും 110 ലോഡ് സിലിണ്ടർ മാത്രം
കോഴിക്കോട്,മംഗലാപുരം,മൈസൂരു പ്ലാന്റുകളിൽ നിന്നുമാണ് വർഷങ്ങളായി കണ്ണൂർ ,വയനാട് ജില്ലകളിലെ ഗ്യാസ് ഏജൻസികളിലേക്ക് പാചകവാതക സിലണ്ടറുകൾ എത്തിയിരുന്നത്.മംഗലാപുരത്ത് നിന്നും കൃത്യമായി സിലിണ്ടറുകൾ എത്താറുള്ളതായിരുന്നു.എന്നാൽ നിലവിൽ മംഗലാപുരത്ത് നിന്നും സിലിണ്ടറുകൾ കുറഞ്ഞ തോതിലാണ് എത്തുന്നത്. കൂടുതലും കോഴിക്കോട് പ്ലാന്റിനെ ഏജൻസികൾ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ജില്ലയിലേക്ക് സിലിണ്ടറുകൾ എത്തുന്നതിന് ഇത്രയും കാലതാമസം നേരിടേണ്ടിവരുന്നതെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.കോഴിക്കോട് പ്ലാന്റിൽ നിന്നും ദിവസവും 110 ലോഡ് സിലിണ്ടർ മാത്രമാണ് നൽകുന്നത്.അതെ സമയം സിലിണ്ടർ ക്ഷാമത്തിന്റെ കൃത്യമായ കാരണം വിശദീകരിക്കാൻ ഏജൻസികൾക്ക് സാധിക്കുന്നുമില്ല.
അടുക്കള പൂട്ടി ഹോട്ടലിലേക്ക്
പാചക വാതക സിലിണ്ടറുകൾ കൃത്യമായി എത്താത്ത പ്രദേശങ്ങളിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. കിഴുന്ന,നാടാൽ ,അഴീക്കൽ ഫെറി,പുതിയതെരു ,കൊറ്റാളി തുടങ്ങി വിവിധ ഇടങ്ങളിലുള്ളവരെല്ലാം ആളുകൾ ബുദ്ധിമുട്ടിലാണ്.ജോലിക്കും മറ്റും പോകേണ്ടവർ ഹോട്ടലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകവും ലഭ്യമല്ലാതായതോടെ ആശുപത്രികൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്.