യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ അക്കാര്യം ചെയ്യേണ്ടിവരും; നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്

Saturday 13 September 2025 9:58 PM IST

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ നിര്‍ണായകമായ നിര്‍ദേശം മുന്നോട്ടുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ ചൈനയ്ക്കും കനത്ത തീരുവ ചുമത്തണമെന്നാണ് ട്രംപ് നാറ്റോ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. 50 ശതമാനം മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ റഷ്യക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇല്ലാതാകുകയും അതുവഴി യുദ്ധം അവസാനിക്കുകയും ചെയ്യുകയുള്ളൂവെന്ന് ട്രംപ് പറഞ്ഞു.

റഷ്യക്ക് വലിയ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറാണെന്നും എന്നാല്‍ അതിന് നാറ്റോ രാജ്യങ്ങള്‍ കൂടി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നാറ്റോ രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ നാറ്റോ രാജ്യമായ തുര്‍ക്കിയാണ് റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഹംഗറിയും സ്ലോവാക്യയും റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്.

ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് വന്‍ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതുവഴി ലഭിക്കുന്ന ഭീമമായ സാമ്പത്തികം ഉപയോഗിച്ചാണ് റഷ്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നത്. അതുകൊണ്ട് തന്നെ റഷ്യയുടെ പ്രധാന വരുമാന മാര്‍ഗം തടയേണ്ടതുണ്ട്. അതിന് അവരുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാനാണ് തീരുവ ഉയര്‍ത്തിയുള്ള നടപടിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങരുതെന്ന നിര്‍ദേശം ഇന്ത്യ അനുസരിക്കാന്‍ കൂട്ടാകാതെ വന്നതോടെയാണ് ഇന്ത്യക്ക് മേല്‍ അമേരിക്ക തീരുവ ഉയര്‍ത്തിയിരുന്നു.