കടലമ്മ നൽകുന്ന മരം കൃഷ്ണയ്ക്ക് ശില്പം

Saturday 13 September 2025 9:58 PM IST

കണ്ണൂർ: ബിസിനസ് തിരക്കിനിടയിലും കടലിന്റെ സമ്മാനങ്ങളെ കലാസൃഷ്ടികളാക്കാൻ ഒരു കൂട്ടമാളുകൾക്കൊപ്പം തിരമാലകളോട് മല്ലിടുകയാണ് കണ്ണൂരിലെ പ്രശസ്ത ചിത്രകാരൻ കെ.കെ.ആർ. വെങ്ങരയുടെ മകളായ കൃഷ്ണ. എറണാകുളം വൈപ്പിൻ ബീച്ചിൽ തിരകളിലൂടെ ഒഴുകിയെത്തുന്ന മരക്കഷണങ്ങൾ (ഡ്രിഫ്റ്റ് വുഡ്) ശേഖരിച്ചാണ് കൃഷ്ണയുടെ കലാസപര്യ. പിതാവിന്റെ കലാഭിരുചി പാരമ്പര്യമായി ഉൾക്കൊണ്ടുവെങ്കിലും ഫാഷൻ ഡിസൈനിംഗിലൂടെ കണ്ണൂരിന്റെ അഭിമാനമായ കൈത്തറിയെ പുനരുജ്ജീവിപ്പിക്കുന്നതാണ് കൃഷ്ണയുടെ പ്രധാന സ്വപ്നം.

വൈപ്പിൻ ബീച്ച് ക്ലബ്ബിലെ അംഗങ്ങളായ ആന്റണി (കാർപ്പന്റർ), അരുൺ (കപ്പൽ ജീവനക്കാരൻ), സിജോ (സംരംഭകൻ), ജസ്റ്റിൻ (ഡ്രൈവർ,? നീന്തൽ പരിശീലകൻ) എന്നിവരോടൊപ്പം, തിരമാലകളുമായി മല്ലിട്ട് മരത്തടികൾ കരയ്ക്കു വലിച്ചെത്തിക്കുന്ന സാഹസിക പ്രവർത്തനത്തിലായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണ. തിരമാലകളിൽനിന്ന് വലിച്ചെടുക്കുന്ന തടി കലാസൃഷ്ടികളായി മാറി ബീച്ചിലെ സന്ദർശകർക്ക് കാഴ്ചവിരുന്നാകും.

കടലിനെക്കുറിച്ചുള്ള ഭയം മാറ്റുകയും പ്രകൃതിസൗഹൃദബോധം വളർത്തുകയുമാണ് വൈപ്പിൻ ബീച്ച് ക്ളബ്ബിന്റെ ലക്ഷ്യം. നീന്തൽ പരിശീലനം മുതൽ കടൽത്തീര ശുചീകരണം വരെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇവരുടെ പ്രവർത്തനം.

മാഹി കലാഗ്രാമം ഫൈൻ ആർട്ട് കോളേജിലെ പഠനത്തിന് ചേർന്നെങ്കിലും പിന്നീട് ഫാഷൻ ഡിസൈനിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമ്മ: നിഷി. സഹോദരി: കാവേരി.

സൂയിയിലൂടെ കൈത്തറി നവോത്ഥാനം കണ്ണൂർ നിഫ്റ്റിൽ ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടിയ കൃഷ്ണയും സഹപാഠിയായ ഹിബ മറിയയും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പ് സംരംഭമാണ് സൂയി.ഹിന്ദിയിൽ സൂചി എന്നാണ് അർത്ഥം. 2000ത്തിലധികം പ്രൊഫഷണൽ നെയ്ത്തുകാരെയും 100ലധികം എംബ്രോയ്ഡറി തൊഴിലാളികളായ സ്ത്രീകളെയും ഉൾപ്പെടുത്തി കണ്ണൂർ കൈത്തറിയെയും പയ്യന്നൂർ ഖാദിയെയും ആഗോള ഫാഷൻ മാപ്പിൽ എത്തിക്കുകയാണ് ഈ സ്റ്റാർട്ടപ്പിലൂടെ കൃഷ്ണ ലക്ഷ്യമിടുന്നത് .കൊച്ചി ലുലു ഫാഷൻ സ്റ്റോറിൽനിന്ന് തുടങ്ങി ഫോർട്ട് കൊച്ചിയിലെ സ്വന്തം സ്റ്റോറിലേക്ക് വ്യാപിച്ച സൂയിയുടെ യാത്ര, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളിലൂടെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരവും പുരസ്‌കാരങ്ങളും നേടി. ഇന്ന് സൂയി, കൊച്ചിയിലും ദേശീയ തലത്തിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ്. ജീവിത പങ്കാളി ആർക്കിടെക്ട് ദിൻരൂപിനൊപ്പമാണ് കൃഷ്ണയുടെ സ്വപ്നങ്ങളുടെ പുതിയ തീരങ്ങളിലേക്കുള്ള സഞ്ചാരം.

അപകടവും രസവും ഒരുപോലെയുള്ള പണിയാണിത്. തിരമാല പൊങ്ങിയുയരുമ്പോൾ മരക്കഷണങ്ങൾ ദേഹത്തേക്ക് വരാനുള്ള സാദ്ധ്യതയുണ്ട്

കൃഷ്ണ