പുത്തൂർ പാർക്ക് അടുത്ത മാസം? വിദേശമൃഗങ്ങൾ വെെകും
തൃശൂർ: ഏഷ്യയിൽ വലിപ്പത്തിൽ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയുമായ പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് മുൻപ് തുറക്കുമെന്ന ഉറപ്പ് പാലിക്കാനായില്ലെങ്കിലും അടുത്ത മാസം ഉദ്ഘാടനം നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മൃഗശാലയിൽ നിന്നുള്ള പക്ഷിമൃഗാദികളെ എത്തിക്കുന്നത് അവസാനഘട്ടത്തിലാണ്. ഈ മാസം അത് പൂർത്തിയാക്കും. അതേസമയം, വിദേശമൃഗങ്ങളെ പാർക്കിൽ എത്തിക്കുന്നത് വൈകും. രണ്ട് മാസത്തിലേറെ സമയം ഇതിനായി വേണം. സഫാരി പാർക്കും ശേഷിക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുമാണ് നടക്കുന്നത്. പെറ്റ് സൂവിന്റെയും വെർച്വൽ സൂവിന്റെയും നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനുണ്ട്. കുട്ടികൾക്ക് അരുമ മൃഗങ്ങളുമായി ഉല്ലസിക്കാനുള്ള സാദ്ധ്യതയാണ് ഒരുക്കുന്നത്. കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മൃഗങ്ങളെ അടുത്തറിയാം. 45 മിനിറ്റോളം യാത്ര തോന്നിക്കും വിധത്തിലുള്ള വെർച്വൽ സൂ ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കർണാടകയിൽ നിന്നും...
കർണാടകയിൽ നിന്നും ഇരുനൂറോളം മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. കടുവ, കരടി, കാട്ടുനായ, പുലി, ജിറാഫ്, കാട്ടുപോത്ത് തുടങ്ങിയവയെ ലഭിക്കുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്ന് അഞ്ച് തരത്തിലുള്ള പക്ഷികളെ കൊണ്ടുവരാനുള്ള നടപടികളും നടക്കുന്നുണ്ട്. അനാക്കോണ്ട അടക്കമുള്ളവയെ എത്തിക്കാൻ മുൻപ് ശ്രമം തുടങ്ങിയിരുന്നു.
പാർക്കിലുള്ളത്
മൃഗങ്ങളെ കാണാനുള്ള സന്ദർശക ഗാലറി റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ സർവീസ് റോഡുകൾ ട്രാം റോഡ് സന്ദർശക പാതകൾ ട്രാം സ്റ്റേഷൻ കഫേറ്റീരിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വിശാലമായ പാർക്കിംഗ് സ്ഥലം
വിസ്തൃതി: 350 ഏക്കറിലേറെ നിർമ്മാണച്ചെലവ്: 300 കോടിയിലേറെ പക്ഷിമൃഗാദികൾ: 500 ലേറെ
സോളാർ പവറിൽ ആദ്യ പാർക്ക്
ഇന്ത്യയിലാദ്യമായി ഏതാണ്ട് പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്കാണിത്. പാർക്കിന് വേണ്ട 90 ശതമാനം വൈദ്യുതിയും ലഭ്യമാക്കുന്നത് സോളാർ പ്ലാന്റ് വഴിയാണ്. 300 കിലോവാട്ടിന്റെ സോളാർ പ്ലാന്റാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 100 കിലോവാട്ടിന്റെ പ്ലാന്റ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കും. പാമ്പുകൾ, അപൂർവയിനം വവ്വാലുകൾ, ഉടുമ്പ് തുടങ്ങി രാത്രികാല ജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ കാണാനാവുന്ന ബയോഡൈവേഴ്‌സിറ്റി സെന്റർ അടക്കമുള്ള ഇടങ്ങളിലാണ് കൂടുതൽ വൈദ്യുതി ആവശ്യം. ജലവിതരണം, ട്രീറ്റ്‌മെന്റ് പ്ലാന്റ് അടക്കമുള്ള ഇടങ്ങളിലും വൈദ്യുതി ഉപയോഗം കൂടും. ഭാവിയിൽ സിയാൽ മാതൃകയിൽ സോളാർ സംവിധാനം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടിട്ടുണ്ട്.
നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം
തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രിമാരായ അഡ്വ. കെ.രാജൻ, എ.കെ.ശശീന്ദ്രൻ എന്നിവർ അവലോകനയോഗത്തിൽ നിർദ്ദേശം നൽകി. സുവോളജിക്കൽ പാർക്കിന്റെ പ്രധാന ആകർഷണങ്ങളായ പെറ്റ് സൂ വിന്റെയും വെർച്ച്വൽ സൂ വിന്റെയും നിർമ്മാണം സെപ്തംബർ മാസത്തിൽ ആരംഭിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്.സജിത്ത്, പി. ബി.സുരേന്ദ്രൻ, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി. എൻ നാഗരാജ്, സ്പെഷ്യൽ ഓഫീസർ കെ.ജെ.വർഗീസ്, ചീഫ് കൺസർവേറ്റർ ഡോ.ആർ.ആടലരശൻ എന്നിവർ പങ്കെടുത്തു.
പാർക്ക് ഉദ്ഘാടനത്തിനുളള അവസാനവട്ട ഒരുക്കത്തിലാണ്. ശുചീകരണം അടക്കമുള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.
ബി.എൻ. നാഗരാജ് പാർക്ക് ഡയറക്ടർ.