ജില്ലയിൽ ഈ വർഷം കാപ്പ ചുമത്തിയത് 40 പേർക്ക്
ആലപ്പുഴ: ജില്ലയിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുകയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിന് ഈ വർഷം കാപ്പ ചുമത്തിയത് 40 പേർക്കെതിരെ. കരുതൽ തടങ്കൽ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 37 പേരെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 105 പേർക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഈ വർഷം 91 പേർക്കെതിരെ സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ 38 പേർക്ക് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല. 53 പേർ എല്ലാ ആഴ്ചകളിലും ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരാകുവാനും ഉത്തരവിട്ടുണ്ട്. സഞ്ചലനനിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതും ഉത്തരവ് പ്രാബല്യത്തിലിരിക്കെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുമുള്ള 34 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചത്. സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിലിരിക്കെ വീണ്ടും ഗുരുതര കേസുകളിൽ പ്രതികളായ രണ്ടുപേർക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ചേർത്തല സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ തണ്ണീർമുക്കം പഞ്ചായത്ത് പുതുവൽ നികർത്തിൽ വീട്ടിൽ അഭിമന്യുവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുവഴിയിൽ തടഞ്ഞുനിറുത്തി ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതിയായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ബാനിമോനെയുമാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.