സൈനികൻ ബാലുവിന് ജന്മനാടിന്റെ വിട
നേമം:ഡെറാഡൂണിലെ സൈനിക അക്കാഡമിയിൽ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ജവാൻ ബാലു .എസിന് ജന്മനാടിന്റെ കണ്ണീർവിട.
തിരുവനന്തപുരം പാപ്പനംകോട് വിശ്വംബരൻ നഗറിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം 11.30 ഓടെ തൈക്കാട് ശാന്തികവാടത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
ഹവിൽദാറായിരുന്ന ബാലു ലെഫ്റ്റനന്റ് കേണൽ ആകുന്നതിനുള്ള പരിശീലനത്തിനായിരുന്നു ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാഡമിയിൽ എത്തിയത്.ബുധനാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 11ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം,ഉന്നത സൈനിക ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പുഷ്പചക്രം അർപ്പിച്ചു. രാത്രിയിൽ പാങ്ങോട് സൈനിക ക്യാമ്പിൽ എത്തിച്ച മൃതദേഹം പൊതു ദർശനത്തിനു ശേഷം രാവിലെ എട്ടിനാണ് പാപ്പനംകോടുള്ള ബാലുവിന്റെ വാടക വീട്ടിലെത്തിച്ചത്. മന്ത്രി വി. ശിവൻകുട്ടി ബാലുവിന്റെ വീട്ടിൽ ഭൗതിക ശരീരം ഏറ്റുവാങ്ങി.
സ്വന്തം മകന്റെ ജീവനറ്റ ശരീരം കണ്ടപ്പോൾ അമ്മ സരോജത്തിന് സങ്കടം നിയന്ത്രിക്കാനായില്ല.
നിർവികാരതയായിരുന്നു ഭാര്യ ഹർഷിതയുടെ മുഖത്ത്. ബാലുവിന്റെ കൊച്ചു കുട്ടികളുടെ മുഖം കണ്ടു നിന്നവർക്കുപോലും സങ്കടമായി. മന്ത്രി ജി.ആർ. അനിൽ, മുൻ എം.പി കെ. മുരളീധരൻ, വിൻസെന്റ് എം. എൽ.എ, കൗൺസിലർ ആശനാഥ്, ഉന്നത സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ബാലുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.