കൃഷി നശിച്ചവർക്ക് ആശ്വാസം, ഇൻഷ്വറസ് തുക അക്കൗണ്ടിൽ
ആലപ്പുഴ : വിളനാശത്തിനുള്ള ഇൻഷ്വറൻസ് ആനുകൂല്യം ലഭിച്ചത് നെൽവില ലഭിക്കാത്തതിനെത്തുടർന്ന് ദുരിതത്തിലായ കർഷകർക്ക് താത്കാലികാശ്വാസമായി. പ്രധാനമന്ത്രി ഫസൽ ബീമ യോജന, സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതികളിലുൾപ്പെട്ട കർഷകർക്ക് കഴിഞ്ഞ സീസണിൽ ഉഷ്ണതരംഗത്തിലും മഴക്കെടുതിയിലുമുണ്ടായ വിളനാശത്തിനുള്ള നഷ്ടപരിഹാരമാണ് അക്കൗണ്ടുകളിലെത്തിയത്.
മുഴുവൻ തുകയും കമ്പനികൾ മുഖേന അനുവദിച്ചതോടെ ഇതിനോടകം 100കോടിയോളം രൂപ കർഷകരുടെ അക്കൗണ്ടുകളിലെത്തി. ബാക്കി തുകയും ഉടൻ ലഭ്യമാക്കും. സംസ്ഥാന വിഹിതം കുടിശികയായതിനാൽ ഇൻഷ്വറൻസ് തുക ലഭിക്കുന്നത് വൈകുന്നതിനെപ്പറ്റി കഴിഞ്ഞ ജൂൺ 22ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
.ഈ വാർത്ത നെൽകർഷകർ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ മുഖാന്തിരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായാണ് കാലാവസ്ഥാധിഷ്ഠിത ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലയിലെ അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ 28 വിളകൾക്കാണ് പരിരക്ഷ. കർഷകർ അടയ്ക്കുന്ന പ്രീമിയം, പ്രതികൂല കാലാവസ്ഥ എന്നിവയുടെ വ്യത്യാസമനുസരിച്ച് ഹെക്ടർ ഒന്നിന് 40,000 രൂപമുതൽ ഒന്നേമുക്കാൽ ലക്ഷം രൂപവരെയാണ് പരിധി. പരമാവധി ഇൻഷ്വറൻസ് തുകയുടെ രണ്ടുമുതൽ അഞ്ചുശതമാനമാണ് കർഷകരുടെ പ്രീമിയം.
കഴിഞ്ഞ സീസണിലെ പുഞ്ചകൃഷിയിലെ നെല്ലിന്റെ വിലയുൾപ്പെടെ കർഷകർക്ക് ലഭിക്കാതിരിക്കെ ഇൻഷുറൻസ് ആനുകൂല്യം അക്കൗണ്ടുകളിലെത്തിയത് രണ്ടാം കൃഷിയുടെ വളപ്രയോഗത്തിനും കീടനാശിനിപ്രയോഗത്തിനും സഹായകമാണ്.
രണ്ടാം കൃഷിയ്ക്ക് തുണയാകും
1.കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫസൽ ബീമ യോജനയിൽ ഒരു ഹെക്ടറിന് 640 രൂപ പ്രീമിയം ഒടുക്കുമ്പോൾ കൃഷി നാശത്തിന് കർഷകന് പരമാവധി 80,000 രൂപ ലഭിക്കും
2.കൃഷി നാശത്തിനിരകളായ അരലക്ഷത്തോളം നെൽകൃഷിക്കാരുൾപ്പെടെ ലക്ഷക്കണക്കിന് കർഷകർക്കാണ് ആനുകൂല്യം ആശ്വാസമായത്
3.കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് തുല്യവിഹിതമുള്ള ഫസൽ ബീമാ യോജനയിൽ 2023 മുതൽ 2024 വരെ 81 കോടിയായിരുന്നു കേരളത്തിന്റെ കുടിശിക
4.ഇതുകൂടാതെ സംസ്ഥാന സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ 2024 മേയ് വരെ 2 കോടിയും കുടിശികയായിരുന്നപ്പോഴാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്
വിള ഇൻഷ്വറൻസ് പദ്ധതി അംഗങ്ങൾ
നെല്ല്..............................45734
വാഴ...............................52070
തെങ്ങ്.............................3590
പച്ചക്കറി.......................12472
കിഴങ്ങ് വർഗം.............. 5000
27 ഇനങ്ങളിലായി.... 3,23,427 പേർ
വിള ഇൻഷ്വറൻനസ് ആനുകൂല്യം വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മുഴുവൻ കർഷകർക്കും പണം ലഭിക്കും
- അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആന്റ് വെൽഫയർ ഡിപ്പാർട്ട്മെന്റ്