യു.കെയിൽ ആദരം ഏറ്റുവാങ്ങി മേയർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സുസ്ഥിര വികസനത്തിനുള്ള സർട്ടിഫിക്കറ്റ് ഒഫ് എക്സലൻസ് പുരസ്‌കാരം മേയർ ആര്യ രാജേന്ദ്രൻ യു.കെ പാർലമെന്റ് മന്ദിരമായ ഹൗസ് ഒഫ് കോമൺസിൽ വച്ച് ഏറ്റുവാങ്ങി. വേൾഡ് റെക്കാഡ്സിന്റെ 8-ാമത് അവാർഡ്ദാന ചടങ്ങിലാണ് തിരുവനന്തപുരം കോർപ്പറേഷനെ പ്രതിനിധീകരിച്ച് മേയർ പങ്കെടുത്തത്. കാർബൺ ന്യൂട്രൽ തിരുവനന്തപുരം എന്ന ലക്ഷ്യത്തിലേക്കുള്ള കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണിത്. 115 ഇലക്ട്രിക്കൽ ബസ്, 100 ഓട്ടോ, ഗാർഹിക സോളാർ പദ്ധതിയിലെ സബ്സിഡി, ഇലക്ട്രിക്കൽ ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി തുടങ്ങിയവയാണ് അംഗീകാരത്തിനായി പരിഗണിച്ചത്. കൂടാതെ പരിസ്ഥിതി ദിനത്തിൽ ഏഴായിരം വിദ്യാർത്ഥികൾ ചേർന്ന് നാലുലക്ഷത്തോളം സീഡ് ബോളുകൾ നിർമ്മിച്ചതും ലോക റെക്കാഡിൽ ഇടം നേടിയിരുന്നു. ഭാവിതലമുറയ്ക്കായി ചെയ്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരുവനന്തപുരം കോർപറേഷൻ മേയറായ ആര്യ രാജേന്ദ്രനെ ആദരിച്ചത്. എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് തന്നെ പ്രാപ്തമാക്കിയ പ്രസ്ഥാനത്തിനും ജനങ്ങൾക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നതായി മേയർ പറഞ്ഞു.